ബിജെപി നേതാവ് രൺജിത്ത് ശ്രീനിവാസൻ വധത്തിൽ15 പ്രതികളും കുറ്റക്കാരെന്ന് കോടതി. എട്ടുപേർക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്നും കോടതി കണ്ടെത്തി. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്. പ്രതികൾ കൃത്യമായ ഗൂഡാലോചനയോടെയാണെന്ന് കൊലപാതകം ചെയ്തതെന്നും കോടതി കണ്ടെത്തി. പ്രതികളുടെ ശിക്ഷാവിധി തിങ്കളാഴ്ച പ്രഖ്യാപിക്കും.
ഒന്നാം പ്രതി നൈസാം, രണ്ടാം പ്രതി അജ്മൽ, മൂന്നാം പ്രതി അനൂപ്, നാലാം പ്രതി മുഹമ്മദ് അസ്ലം, അഞ്ചാം പ്രതി സലാം പൊന്നാട്, ആറാം പ്രതി അടിവാരം അബ്ദുൽ കലാം, ഏഴാം പ്രതി സഫറുദ്ദീൻ, എട്ടാം പ്രതി മൻഷാദ്, ഒമ്പതാം പ്രതി ജസീബ് രാജ, പത്താം പ്രതി നവാസ്, പതിനൊന്നാം പ്രതി ഷമീർ, 12-ാം പ്രതി നസീർ, സക്കീർ ഹുസൈൻ, ഷാജി പൂവത്തിങ്കൽ, ഷെർണാസ് അഷ്റഫ് എന്നിവരാണ് പ്രതികൾ. ശിക്ഷയിൽമേൽ പ്രോസിക്യൂഷൻ വാദം പുരോഗമിക്കുകയാണ്. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദം. ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികൾ നേരിട്ടു കൊലപാതകത്തിൽ പങ്കെടുത്തു. എട്ടു മുതൽ 12 വരെയുള്ളവർ വീടിന്റെ മുൻപിൽ നിന്നും സഹായിച്ചു. 13, 14, 15 പ്രതികൾ ഗൂഢാലോചന നടത്തിയെന്നും തെളിവ് നശിപ്പിച്ചെന്നും പ്രോസിക്യൂഷൻ അഭിഭാഷകൻ പ്രതാപ് ജി പടിക്കൽ പറഞ്ഞു.
156 സാക്ഷികളാണ് കേസിലുളളത്. ജില്ലയിൽ കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. വിധിപ്രസ്താവം നടത്തുന്ന മാവേലിക്കര കോടതിയിലും പരിസരത്തു നൂറിലധികം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചത്. വിധി പ്രസ്താവത്തിനായി പ്രതികളെ കോടതിയിലേക്ക് കൊണ്ടുവരുന്നതു മുതൽ കോടതി നടപടികൾ പൂർത്തിയാക്കും വരെ ജാഗ്രത പാലിക്കാനാണ് നിർദേശം.
ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായ രൺജിത് ശ്രീനിവാസൻ. 2021 ഡിസംബർ 19 നാണ് കൊല്ലപ്പെട്ടത്. എസ്ഡിപിഐ പ്രവർത്തകൻ ഷാനിന്റെ കൊലപാതകത്തിന് പിന്നാലെയാണ് രൺജിത് കൊല്ലപ്പെട്ടത്. കുടുംബാംഗങ്ങൾക്ക് മുമ്പിലിട്ട് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ട ശ്രീനിവാസന്റെ ശരീരത്തിൽ 56 ഓളം മുറിവുകൾ ഉണ്ടായി. ശവസംസ്കാരം ചടങ്ങ് പോലും നടത്താൻ പറ്റാത്ത രീതിയിൽ ശരീരം വികൃതമായിരുന്നു.