ആലപ്പുഴ: ആലപ്പുഴയില്‍ പ്രസവം നിര്‍ത്തല്‍ ശാസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ച സംഭവത്തില്‍ വിദഗ്ധ സര്‍ജന്മാരുടെ സംഘം പോസ്റ്റ്‌മോര്‍ട്ടം നടത്തും. ചികിത്സാ പിഴവുണ്ടായിട്ടുണ്ടെന്ന കുടുംബക്കാരുടെ പരാതിയെ തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ ജോണ്‍ വി സാമൂവല്‍ ഉത്തരവിട്ടത്. പോസ്റ്റ്‌മോര്‍ട്ടം വീഡിയോയില്‍ ചിത്രീകരിക്കും.
പ്രസവം നിര്‍ത്താന്‍ വേണ്ടിയാണ് ഫാര്‍മസിസ്റ്റ് ആശ ശരത്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തുന്നത്. വനിതാ-ശിശു ആശുപത്രിയിലെ ശസ്ത്രക്രിയക്കിടെയുണ്ടായ പിഴവാണ് മരണത്തിന് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. ലാപ്രോസ്‌കോപിക് ശസ്ത്രക്രിയയ്ക്കിടെയാണ് യുവതി മരിച്ചത്. ഡോക്ടറുടെ ഗുരുതര പിഴവ് ചൂണ്ടിക്കാട്ടിയാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ജില്ലാ കളക്ടര്‍ ജോണ്‍ വി സാമൂവല്‍ ഉത്തരവിടുകയായിരുന്നു. കുടുംബത്തിന്റെ ആവശ്യം അംഗീകരിച്ച ജില്ലാ കളക്ടര്‍ ഒരു ഫോറന്‍സിക് സര്‍ജനും രണ്ട് പൊലീസ് സര്‍ജന്‍മാരും അടങ്ങുന്ന വിദഗ്ധ സംഘത്തെ പോസ്റ്റ്‌മോര്‍ട്ടത്തിന് നിയോഗിക്കാന്‍ നിര്‍ദ്ദേശം നല്‍കി.