അയോധ്യയിലെ രാമക്ഷേത്ര ‘പ്രാണപ്രതിഷ്ഠ’ ചടങ്ങിലെ പ്രധാനമന്ത്രിയുടെ പങ്കാളിത്തത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു മതത്തിന്റെ ആചാരം രാജ്യമൊട്ടാകെ ആഘോഷിക്കുന്നുവെന്നും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആത്മാവ് മതേതരത്വമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിശ്വാസികളും അവിശ്വാസികളും സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിരുന്നു. ഓരോ പൗരനും ഭരണഘടനാ സ്വാതന്ത്ര്യം തുല്യമായി അനുഭവിക്കണം. മത വിശ്വാസം വ്യക്തി സ്വാതന്ത്ര്യമാണെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.
മതത്തേയും ആചാരങ്ങളേയും എന്തിനാണ് രാഷ്ട്രീയവും പാര്‍ട്ടിയുമായി കൂട്ടികുഴക്കുന്നത്. ഒരു മതം മാത്രം അടിച്ചേല്‍പ്പിക്കുന്നത് ശരിയായ രീതിയല്ല. ഒരു മതം വലുതും മറ്റൊന്ന് ചെറുതും എന്ന് പറയരുത്. ഇന്ത്യന്‍ മതേതരത്വം മതത്തെയും ഭരണകൂടത്തെയും വേര്‍തിരിക്കുന്നതാണ് എന്ന് ജവഹര്‍ലാല്‍ നെഹ്റു തന്നെ പറഞ്ഞിട്ടുണ്ട്. അതിന്റെ പാരമ്പര്യം നമ്മുടെ ചരിത്രത്തിലുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ മതത്തെയും ഭരണകൂടത്തെയും വേര്‍തിരിക്കുന്ന രേഖ കുറഞ്ഞു വരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.