കൊച്ചി: വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചു പൂട്ടിയ എറണാകുളം മഹാരാജാസ് കോളേജ് ഇന്ന് തുറക്കും. ഇന്നലെ വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം അറിയിച്ചത്. കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പാടാക്കി കൊണ്ടാണ് കോളേജ് തുറക്കുക. കാമ്പസില്‍ അഞ്ച് സെക്യൂരിറ്റ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാനും യോഗത്തില്‍ തീരുമാനമായി.
അതേ സമയം, കോളേജിലെ യൂണിയന്‍ അഡൈ്വസറായ അറബിക് ഡിപ്പാര്‍ട്ട്‌മെന്റിലെ അധ്യാപകന്‍ ഡോക്ടര്‍ കെ എം നിസാമിനെതിരെ നടപടി ആവശ്യപ്പെട്ട് ക്യാമ്പസിനകത്ത് പ്രതിഷേധം ശക്തമാക്കാനുള്ള തീരുമാനത്തിലാണ് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്.
വൈകിട്ട് ആറുമണിക്ക് ശേഷം ക്യാമ്പസ് വിടുക, ഐഡി കാര്‍ഡ് നിര്‍ബന്ധമാക്കുക, സുരക്ഷാ ജീവനക്കാരുടെ എണ്ണം കൂട്ടുക എന്നിവയടക്കമുള്ള നിയന്ത്രണങ്ങള്‍ നടപ്പാക്കാനും യോഗത്തില്‍ തീരുമാനമായി. ആറു മണിക്ക് ശേഷം കാമ്പസിനകത്ത് പുറത്തുനിന്നുള്ളവര്‍ എത്തുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ഒരുങ്ങുന്നത്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കോളേജില്‍ പൊലീസ് സാന്നിധ്യവും തുടരും.