15ാം നിയമസഭയുടെ 10 സമ്മേളനം ആരംഭിച്ചു. ഗവർണറുടെ നയപ്രഖ്യാപനത്തോടെയാണ് സഭാനടപടികൾ ആരംഭിച്ചത്. എന്നാൽ നയപ്രഖ്യാപന പ്രസംഗം പൂർണ്ണമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വായിച്ചില്ല എന്നതും ശ്രദ്ദേയമാണ്. നയപ്രഖ്യാപനം അവസാന ഖണ്ഡിക മാത്രമാണ് ഗവർണർ വായിച്ചത്. ഒരു മിനിറ്റിൽ നയ പ്രഖ്യാപന പ്രസംഗം അവസാനിപ്പിച്ചു.
സർക്കാരുമായി വാക്പോര് നടക്കുന്നതിനിടയിൽ കേന്ദ്രത്തിനെതിരായ വിമർശനമടക്കം ഉൾക്കൊണ്ട നയപ്രഖ്യാപന പ്രസംഗം ഗവർണർ വായിക്കുമോ എന്നാണ് എല്ലാവരും കാത്തിരുന്നത്. മുഖ്യമന്ത്രിയും സ്പീക്കറും നേരിട്ടെത്തിയാണ് ഗവർണറെ സ്വീകരിച്ചത്. എന്നാൽ, ഇരുവരും തമ്മിൽ സംവാദമുണ്ടായിരുന്നില്ല.
ഫെബ്രുവരി അഞ്ചിനാണ് ബജറ്റ്. വിവിധ വിഷയങ്ങളിലെ സര്‍ക്കാര്‍, പ്രതിപക്ഷ പോരിന് ഇനി സഭാതലം വേദിയാകും. 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് പാസാക്കുന്നതിനായി ചേരുന്ന ഈ സമ്മേളനം ജനുവരി 25 മുതല്‍ മാര്‍ച്ച് 27 വരെയുള്ള കാലയളവില്‍ ചേരും. ആകെ 32 ദിവസം ആയിരിക്കും ചേരുക. ജനുവരി 29, 30, 31 തീയതികള്‍ ഗവര്‍ണ്ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ചക്കായി മാറ്റി വച്ചിരിക്കുന്നു. ഫെബ്രുവരി 5-ാം തീയതി 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കും.
ഈ സമ്മേളനത്തിലും മാസപ്പടി വിവാദം, എക്സാലോജിക്കിനെതിരെ പുറത്തുവന്ന ആര്‍ഒസി റിപ്പോര്‍ട്ട്, സിഎംആര്‍എല്‍ വിവാദം തുടങ്ങിയവയെല്ലാം ചൂടിയേറിയ വാക്ക്തര്‍ക്കങ്ങള്‍ക്ക് കളമൊരുക്കും. കരുവന്നൂരും കണ്ടലയും തുടങ്ങി സഹകരണ തട്ടിപ്പുകളും പ്രതിപക്ഷം ചർച്ച ചെയ്യും.
അതേ സമയം, ഫെബ്രുവരി 6 മുതല്‍ 11 വരെയുള്ള തീയതികളില്‍ സഭ ഉണ്ടാവില്ല. തുടര്‍ന്ന് ഫെബ്രുവരി 12 മുതല്‍ 14 വരെയുള്ള തീയതികളില്‍ ബജറ്റിന്മേലുള്ള പൊതുചര്‍ച്ച നടക്കും. ഫെബ്രുവരി 15 മുതല്‍ 25 വരെയുള്ള കാലയളവില്‍ സബ്ജക്ട് കമ്മിറ്റികള്‍ ധനാഭ്യര്‍ത്ഥനകളുടെ സൂക്ഷ്മ പരിശോധനയ്ക്കായി യോഗം ചേരും.