തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാന പാരഗ്രാഫ് മാത്രം വായിച്ച് മടങ്ങിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയില്‍ രൂക്ഷ വിമര്‍ശനമുന്നയിച്ച് റവന്യൂ മന്ത്രി കെ രാജന്. സര്‍ക്കാരിനോട് എന്തെങ്കിലും തര്‍ക്കമുണ്ടെങ്കില്‍ അതിന് ഗവര്‍ണര്‍ പ്രതികാരം തീര്‍ക്കേണ്ടത് ഇങ്ങനെയല്ലെന്നും ഭരണഘടനാപരമായ നടപടികള്‍ നിര്‍വ്വഹിക്കാതെ പോയത് വലിയ തെറ്റാണെന്നും കെ രാജന് ഉന്നയിച്ചു.
കരിങ്കൊടി കാണിച്ചതിനാണോ ഗവര്‍ണറുടെ പിണക്കമെന്നും ഭരണഘടനാ ഉത്തരവാദിത്തം നിറവേറ്റണമെന്നും കെ രാജന് പറഞ്ഞു. നയപ്രഖ്യാപന പ്രസംഗം നടത്തുക എന്നത് ഭരണഘടനാ തീരുമാനമാണ്. അത് നടത്താന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണ്. ഗവര്‍ണറുടെ ചെയ്തത് തെറ്റാണെന്നും ഈ നടപടി സമൂഹം വിലയിരുത്തുമെന്നും രാജന് പറഞ്ഞു. കരിങ്കൊടി കാണിക്കാനിടയാക്കിയത് അദ്ദേഹത്തിന്റെ തന്നെ നിലപാടുകളാണ്. ആ നിലപാട് ആണ് തിരുത്തേണ്ടതെന്നും മന്ത്രി ആവശ്യപ്പെട്ടു.