Newsperseconds.com

പാര്‍ലമെന്‍റ് സീറ്റിൽ പുനര്‍വിചിന്തനം ആവശ്യപ്പെട്ട് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം

ke

കോട്ടയം പാര്‍ലമെന്‍റ് സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് വിട്ടുകൊടുക്കുന്നതിൽ പുനര്‍വിചിന്തനം ആവശ്യപ്പെട്ട് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം. വിജയസാധ്യതയുളള സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തന്നെ മല്‍സരിക്കണമെന്ന നിര്‍ദേശം ജില്ലയില്‍ നിന്നുളള പ്രധാന നേതാക്കള്‍ പാര്‍ട്ടി നേതൃത്വത്തോട് പങ്കുവച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് വിവരം. പാര്‍ലമെന്‍റ് ജയത്തിന് പ്രാപ്തനായ സ്ഥാനാര്‍ഥി ജോസഫ് ഗ്രൂപ്പിലില്ലെന്ന വികാരമാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഉയർത്തുന്ന പ്രധാന ആശങ്ക.

സംസ്ഥാനത്ത് യുഡിഎഫിന് ഏറ്റവുമധികം വിജയസാധ്യതയുളള സീറ്റുകളിലൊന്നായ കോട്ടയത്ത് കൈപ്പത്തി ചിഹ്നത്തില്‍ തന്നെ ഒരു സ്ഥാനാര്‍ഥി ഉണ്ടാകണമെന്ന കാര്യത്തിലാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അഭിപ്രായ ഐക്യം രൂപപ്പെട്ടിരിക്കുന്നത്. മുന്നണിയില്‍ വിവാദങ്ങള്‍ ഉയരുമെന്നതിനാല്‍ ഇക്കാര്യം പരസ്യമായി സമ്മതിക്കാന്‍ ആരും നിലവിൽ തയാറല്ല. ഇതിനു പുറമേ, പിളര്‍പ്പിന് മുമ്പുളള കേരള കോണ്‍ഗ്രസിനാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോട്ടയം സീറ്റ് കൊടുത്തതെന്നതിനാല്‍ സീറ്റിന്‍റെ കാര്യത്തിലെ ജോസഫ് ഗ്രൂപ്പിന്‍റെ അവകാശവാദങ്ങള്‍ക്ക് വലിയ വില കൊടുക്കേണ്ടതില്ലെന്ന നിലപാടിലാണ് കോട്ടയത്തെ കോണ്‍ഗ്രസ് നേതാക്കള്‍.

മുന്നണി മര്യാദയുടെ പേരില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയസാധ്യത ഉണ്ടായിരുന്ന ഏറ്റുമാനൂര്‍, ജോസഫിന് കൊടുത്ത് നഷ്ടപ്പെടുത്തിയ സ്ഥിതി പാര്‍ലമെന്‍റില്‍ ആവര്‍ത്തിക്കരുതെന്നും നേതാക്കള്‍ അഭിപ്രായ മുന്നയിക്കുന്നു. ജോസഫ് ഗ്രൂപ്പിന് സീറ്റ് നല്‍കും മുമ്പ് ഇക്കാര്യങ്ങളെല്ലാം പരിഗണിക്കണമെന്നാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം.

Share this Article

Leave a Comment