ഗവർണറുടെ റിപബ്ലിക് ദിന സത്ക്കാരം ബഹിഷ്കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും. 6.30 നാണ് രാജ്ഭവനിൽ ‘അറ്റ് ഹോം’ എന്നപേരിൽ റിപബ്ലിക് ദിന സത്ക്കാരം സംഘടിപ്പിച്ചത്. ഉദ്യോഗസ്ഥർ മാത്രമാണ് പങ്കെടുക്കുന്നത്. ഗവർണറും സർക്കാരും തമ്മിലുള്ള പോര് മുറുകുന്നു എന്ന സൂചനയാണ് ഇത് നൽകുന്നത്.
റിപബ്ലിക് ദിന സന്ദേശത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തുവന്നിരുന്നു. ഉന്നത വിദ്യാഭ്യാസരംഗത്തെ ബാഹ്യ ഇടപെടലുകൾ, അക്കാദമിക മേഖലയെ മലിനമാക്കുന്നു. ബാഹ്യ ഇടപെടലുകൾ ഇല്ലാത്ത സ്വതന്ത്ര വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിന് അനിവാര്യമാണ്. വിയോജിപ്പുകൾ അക്രമത്തിലേക്ക് പോകുന്നത് ജനാധിപത്യത്തെ വഞ്ചിക്കലാണെന്നും കേരളം ആരോഗ്യകരമായ ജനാധിപത്യത്തെ പ്രോത്സാഹിപ്പിക്കണമെന്നും ഗവർണർ പറഞ്ഞു. കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഗവർണർ പ്രശംസിക്കുകയും ചെയ്തു.
75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പതാക ഉയർത്തിയ ശേഷം സംസാരിക്കുന്നതിനിടയിലാണ് ഗവർണർ സർക്കാരിനും മുഖ്യമന്ത്രിയ്ക്കും എതിരെ വിമർശനമുന്നയിച്ചത്. മഹാകവി ജി ശങ്കരക്കുറുപ്പിന്റെ വരികൾ ഉദ്ധരിച്ച് മലയാളത്തിലാണ്, കേന്ദ്ര സർക്കാരിൻ്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറയുന്ന പ്രസംഗം ഗവർണർ ആരംഭിച്ചത്. ചടങ്ങിൽ അടുത്തിരുന്നെങ്കിലും പരസ്പരം മുഖം കൊടുക്കാതെയാണ് ഗവർണറും മുഖ്യമന്ത്രിയും പങ്കെടുത്തത്.