Newsperseconds.com

നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി; ബജറ്റ് തീയതി നീട്ടില്ല; കൊമ്പ് കോര്‍ത്ത് മുഖ്യമന്ത്രിയും വിഡി സതീശനും

Capture

തിരുവനന്തപുരം: നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. ഫെബ്രുവരി 15 ന് സഭ പിരിയും. എന്നാല്‍ ബജറ്റ് തീയതി മാറ്റണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി. ബജറ്റ് അഞ്ചിന് തന്നെ അവതരിപ്പിക്കും. വോട്ട് വോണ്‍ അക്കൗണ്ട് സഭ പാസാക്കി. ബജറ്റ് ചര്‍ച്ച 12 മുതല്‍ 15 വരെ നടക്കും. ബജറ്റ് ഫെബ്രുവരി രണ്ടിലേക്ക് മാറ്റണം എന്നായിരുന്നു പ്രതിപക്ഷം ആവശ്യപ്പെട്ടത്.

ഇന്ന് ചേര്‍ന്ന കാര്യോപദേശക സമിതിയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ വാക്പോരുണ്ടായി. സര്‍ക്കാര്‍ ഒട്ടും സഹകരിക്കുന്നില്ല എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞപ്പോള്‍ നിങ്ങളും നല്ല സഹകരണം ആണല്ലോ എന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.

ജനുവരി 25 മുതല്‍ മാര്‍ച്ച് 27 വരെ സമ്പൂര്‍ണ്ണ ബജറ്റ് സമ്മേളനം ചേരാനായിരുന്നു നേരത്തെയുണ്ടായിരുന്ന ധാരണ. സഭ വെട്ടിച്ചുരുക്കുന്നതുമായി ബന്ധപ്പെട്ട കാര്യം ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന യോഗത്തിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. എന്നാല്‍, ഫെബ്രുവരി 9 മുതല്‍ കെപിസിസിയുടെ നേതൃത്വത്തില്‍ ‘സമരാഗ്‌നി’ എന്ന പ്രചരണ ജാഥ നടക്കുന്നതിനാല്‍ ആ ദിവസങ്ങളിലെ സമ്മേളനം മാറ്റിവയ്ക്കണമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആവശ്യം. എന്നാല്‍ ഇത് പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടായി.

Share this Article

Leave a Comment