Newsperseconds.com

വാലന്റൈന്‍ മാസത്തില്‍ അല്‍ഫോണ്‍സ് പുത്രന്‍ ചിത്രം ‘പ്രേമം’ തമിഴ്നാട്ടില്‍ റീ-റിലീസിന് ഒരുങ്ങുന്നു

Capture

കേരളക്കരയാകെ തരംഗം സൃഷ്ടിച്ച അല്‍ഫോണ്‍സ് പുത്രന്‍ ചിത്രമായിരുന്നു 2015ല്‍ പുറത്തിറങ്ങിയ ‘പ്രേമം’. തമിഴ്‌നാട്ടിലും ചിത്രം വന്‍ഹിറ്റായിരുന്നു. ബോക്‌സോഫീസിലും മാജിക്ക് തീര്‍ത്താണ് തിയേറ്റര്‍ വിട്ടത്. 2015 മെയ് 29 നു തിയറ്ററുകളിലെത്തിയ ഈ ചിത്രം മികച്ച പ്രേക്ഷകപ്രീതിയും നിരൂപകപ്രശംസയും നേടി. ഇപ്പോള്‍ ചിത്രം വാലന്റൈന്‍ മാസമായ ഫെബ്രുവരിയില്‍ തമിഴ്നാട്ടില്‍ റീ-റിലീസിന് ഒരുങ്ങുകയാണ്.

ഫെബ്രുവരി ഒന്നിന് തിരഞ്ഞെടുത്ത ചില തിയേറ്ററുകളില്‍ ആണ് ചിത്രം വീണ്ടും പ്രദര്‍ശിപ്പിക്കുക. 2016ലും 2017ലും പ്രേമം തമിഴ്‌നാട്ടില്‍ റീ-റിലീസ് ചെയ്തിരുന്നു. 200 ദിവസങ്ങളിലേറെയാണ് ചെന്നൈയിലെ ഒരു തിയേറ്ററില്‍ ചിത്രം പ്രദര്‍ശിപ്പിച്ചത്. പ്രേമം തമിഴില്‍ റീമേക്ക് ചെയ്യരുതെന്നും ‘ഒറിജിനലിനെ’ അത്രമാത്രം സ്‌നേഹിക്കുന്നുവെന്നുമാണ് ആരാധകരുടെ അഭിപ്രായം.

നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് പ്രേമം. അന്‍വര്‍ റഷീദ് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ സായി പല്ലവി, അനുപമ പരമേശ്വരന്‍, മഡോണ സെബാസ്റ്റ്യന്‍ എന്നിവരാണു നായികമാര്‍. മണിയന്‍പിള്ള രാജു, രഞ്ജി പണിക്കര്‍, വിനയ് ഫോര്‍ട്ട് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രദര്‍ശനത്തിനെത്തി രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ 2015ല്‍ പുറത്തിറങ്ങിയതില്‍ ഏറ്റവും വലിയ വിജയചിത്രമായി പ്രേമം മാറിയിരുന്നു.

Share this Article

Leave a Comment