Newsperseconds.com

ആറ്റിങ്ങലില്‍ മുരളീധരന്‍, തൃശ്ശൂരില്‍ സുരേഷ്‌ഗോപി; കേരളത്തിലെ രണ്ട് മണ്ഡലങ്ങളില്‍ നേരത്തെ തന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം

Pp

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ ബിജെപി ദേശീയ കൗണ്‍സിലിന് മുമ്പ് തന്നെ പുറത്തുവിടും. കേരളത്തിലെ രണ്ട് മണ്ഡലങ്ങളില്‍ നേരത്തെ തന്നെ പ്രഖ്യാപനമുണ്ടാകും. ആറ്റിങ്ങല്‍, തൃശൂര്‍ മണ്ഡലങ്ങളാകും ആദ്യ പട്ടികയില്‍ സ്ഥാനം പിടിക്കുക. ആറ്റിങ്ങലില്‍ മുരളീധരന്‍,തൃശൂരില്‍ സുരേഷ് ഗോപി, പാലക്കാട് സി കൃഷ്ണകുമാര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളാകുമെന്നാണ് പ്രഖ്യാപനം.

കേന്ദ്രമന്ത്രി വി മുരളീധരന്‍ ആറ്റിങ്ങലില്‍ രണ്ട് മാസങ്ങള്‍ക്ക് മുമ്പ് തന്നെ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. സാമുദായിക നേതാക്കന്‍മാര്‍, മതപണ്ഡിതന്മാര്‍ അടക്കമുള്ള വ്യക്തികളുമായി അദ്ദേഹം മുന്‍കൂട്ടി തന്നെ കൂടിക്കാഴ്ച്ച നടത്തി. എന്നാല്‍, കെ. സുരേന്ദ്രന്‍ കാസര്‍കോഡ് നിന്ന് ആരംഭിച്ച കേരള പദയാത്ര ഇടക്കുള്ള മണ്ഡലങ്ങളെല്ലാം ഒഴിവാക്കി ആറ്റിങ്ങല്‍ മണ്ഡലത്തില്‍ മുന്‍കൂട്ടി തന്നെ പ്രചാരണം നടത്തി കഴിഞ്ഞു. സുരേന്ദ്രന്‍ അടക്കമുള്ളവര്‍ മതപണ്ഡിതന്മാരുമായും മറ്റു ദേവാലയങ്ങളിലുമെല്ലാം സന്ദര്‍ശനം നടത്തുകയും ചെയ്തു. അമിത് ഷാ ഈ മാസം നടത്തുന്ന കേരള സന്ദര്‍ശനത്തിന് മുന്നോടിയായിട്ടാണ് ഇത്തരത്തിലൊരു കൂടിക്കാഴ്ചകള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തിരിക്കുന്നത്.

അതേ സമയം, കഴിഞ്ഞ ശിവഗിരി തീര്‍ത്ഥാടന സമ്മേളനത്തില്‍ കെ. സുരേന്ദ്രന്‍ അടക്കമുള്ള ബിജെപി നേതാക്കന്മാര്‍ ശിവഗിരി മഠം മാറ്റി നിര്‍ത്തിയിരുന്നത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. വി മുരളീധരന്‍ ശിവഗിരി തീര്‍ത്ഥാടനത്തിനു വേണ്ട സഹായങ്ങള്‍ ചെയ്തില്ലെന്ന ആക്ഷേപം നിലനില്‍ക്കെയാണ് ഈ തെരഞ്ഞെടുപ്പിനെ വി മുരളീധരന്‍ നേരിടാന്‍ തയ്യാറാകുന്നത്. അത്‌കൊണ്ട് തന്നെ ശിവഗിരി മഠത്തിന്റെ കടുത്ത എതിര്‍പ്പായിരിക്കും വി മുരളീധരന് നേരിടേണ്ടി വരിക.

ഈഴവ സമുദായത്തില്‍ പെട്ട അടൂര്‍ പ്രകാശ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എത്തുകയും ഇടതു സ്ഥാനാര്‍ത്ഥിയും ഈഴവസമുദായത്തില്‍ പെട്ട അംഗം തന്നെ എത്തിയാല്‍ ശിവഗിരി മഠത്തിന്റെ പിന്തുണ അടൂര്‍ പ്രകാശിന് നല്‍കാനാണ് സാധ്യത. അടൂര്‍ പ്രകാശ് ശിവഗിരി മഠവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിത്വം കൂടിയാണ്. അത് കൊണ്ട് തന്നെ വി മുരളീധരന്റെ എ ക്ലാസ് മണ്ഡലമെന്ന സാഹചര്യത്തില്‍ നിന്ന് വലിയ പ്രതിസന്ധികള്‍ക്ക് കാരണമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

അതേ സമയം, തൃശ്ശൂരില്‍ ഇത്തവണ സുരേഷ്‌ഗോപി കളത്തിലിറങ്ങും. തൃശ്ശൂര്‍ മണ്ഡലത്തില്‍ സുരേഷ്‌ഗോപി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തിട്ടില്ലെങ്കില്‍ പോലും മാസത്തില്‍ രണ്ട് തവണ പ്രധാനമന്ത്രി നരേന്ദ്രമോദി തൃശ്ശൂരിലെത്തിയത് പ്രചരണത്തിന് കൊഴുപ്പ് കൂട്ടാനുള്ള ഒരു തന്ത്രമാണെന്നാണ് കണക്കാക്കുന്നത്. അതേ സമയം മറ്റു ജില്ലകളില്‍ ഒന്നും നരേന്ദ്രമോദിയുടെ സാന്നിധ്യം ഉണ്ടായിട്ടില്ല. കേരളത്തില്‍ നരേന്ദ്രമോദി ലക്ഷ്യമിടുന്നത് തൃശൂര്‍ ജില്ലയില്‍ മാത്രമായിരിക്കും.

പത്തനംതിട്ടയില്‍ പി സി ജോര്‍ജിനോ ഷോണ്‍ ജോര്‍ജിനോ വേണമെന്ന ആവശ്യം ശക്തമായി നിലനില്‍ക്കേ അത് വിട്ടുകൊടുക്കാന്‍ ബിജെപിയുടെ ഒരു വിഭാഗം തയ്യാറല്ല. എംഡി രമേശനേയോ കുമ്മനം രാജശേഖരനെയോ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ബിജെപിയുടെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. ബിജെപിക്ക് സാധ്യതയുള്ള മറ്റൊരു മണ്ഡലം കൂടിയാണിത്.

മാവേലിക്കര മണ്ഡലത്തില്‍ സീറ്റ് ബിഡിജെഎസിന് നല്‍കാന്‍ ധാരണയായിട്ടുണ്ട്. ഇതേ സാഹചര്യത്തില്‍ കോട്ടയത്ത് തുഷാറിനെ മത്സരിപ്പിക്കണമെന്ന സാഹചര്യം നിലനില്‍ക്കുമ്പോള്‍ ബിജെപിയില്‍ ഒരു ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നുള്ള മത്സരാര്‍ത്ഥിക്ക് സീറ്റ് നല്‍കണമെന്നും അത് ആന്റണിയുടെ മകനേ അല്ലെങ്കില്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തിനേയോ സ്ഥാനാര്‍ത്ഥിയാക്കണമെന്നുള്ള ആവശ്യമാണ് കോട്ടയത്ത് വരുന്നത്. മലബാര്‍ മേഖലയില്‍ നുസ്രത്ത് ജഹാനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ദേശീയ വൈസ് പ്രസിഡന്റായ നുസ്രത്ത് ജഹാന് മലബാര്‍ മേഖലയില്‍ സീറ്റ് കൊടുക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

Share this Article

Leave a Comment