തിരുവനന്തപുരം: വിരബാധ കുട്ടികളുടെ വളര്‍ച്ചയെയും ആരോഗ്യത്തെയും ബാധിക്കുന്ന ഒരു പൊതുജനാരോഗ്യ പ്രശ്നമാണും വിരബാധയില്‍ നിന്നും കുട്ടികളെ സംരക്ഷിക്കണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഫെബ്രുവരി 10 വിരവിമുക്ത ദിനത്തിന്റെ ഭാഗമായി ഒന്നു മുതല്‍ 19 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ആരോഗ്യ വകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ നല്‍കും.
ഒന്നുമുതല്‍ രണ്ടു വയസ്സുവരെയുള്ള കുട്ടികള്‍ക്ക് പകുതി ഗുളിക ഒരു ടേബിള്‍ സ്പൂണ്‍ തിളപ്പിച്ചാറിയ വെള്ളത്തില്‍ ലയിപ്പിച്ചാണ് കൊടുക്കുന്നത്. സ്‌കൂളുകളിലും അങ്കണവാടികളിലും രജിസ്റ്റര്‍ ചെയ്യാത്ത ഒന്നുമുതല്‍ 19 വയസ്സുവരെ ഒരു ഗുളിക ഉച്ചഭക്ഷണത്തിനു ശേഷം ഒരു ഗ്ലാസ് തിളപ്പിച്ചാറിയ വെള്ളത്തോടൊപ്പം ചവച്ചരച്ച് കഴിക്കാന്‍ നല്‍കും. ഫെബ്രുവരി 8ന് ഗുളിക ലഭിക്കാത്ത കുട്ടികള്‍ക്ക് ഫെബ്രുവരി 15ന് ഗുളിക നല്‍കും.
കേരളത്തില്‍ ജില്ലാ ഭരണകൂടം, വിദ്യാഭ്യാസ വകുപ്പ്, സാമൂഹിക നീതി വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും നേതൃത്വത്തിലാണ് ഈ ദിനാചരണ പരിപാടി. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 1 മുതല്‍ 14 വയസ്സ് വരെയുള്ള 64 ശതമാനം കുട്ടികളില്‍ വിരബാധയുണ്ടാകുവാന്‍ സാധ്യതയുണ്ട്. ഇത് മുന്നില്‍ കണ്ടാണ് വിര നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയത്. ഈ വര്‍ഷം 1 മുതല്‍ 19 വയസ് വരെയുള്ള 77,44,054 കുട്ടികള്‍ക്ക് ഗുളിക നല്‍കാനാണ് ലക്ഷ്യമിടുന്നത്.