കൊല്ലം: കേരളമനസ്സാക്ഷിയെ ഞെട്ടിച്ച ഓയൂര്‍ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ ആയിരം പേജ് വരുന്ന കുറ്റപത്രമാണ് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചത്. അഞ്ച് കോടിയുടെ കടബാധ്യത തീര്‍ക്കാന്‍ പ്രതികള്‍ ഒരുക്കിയ ബുദ്ധിപരമായ നീക്കമായിരുന്നു തട്ടിക്കൊണ്ടുപോകല്‍. അഞ്ച് കോടിയോളം രൂപയുടെ കടബാധ്യത പ്രതികള്‍ക്ക് ഉണ്ടെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. മാമ്പള്ളിക്കുന്നം കവിതാരാജില്‍ പത്മകുമാര്‍, ഭാര്യ അനിതകുമാരി, മകള്‍ അനുപമ എന്നിവരാണ് പ്രതികള്‍.
മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് ആറു വയസ്സുകാരി പെണ്‍കുട്ടിയെ ട്യൂഷന് പോകുന്ന വഴി ഓയൂരില്‍ നിന്ന് മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയത്. പിറ്റേന്ന് ഉച്ചയ്ക്ക് ഒന്നരയോടെ കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു. കുട്ടിയും സഹോദരനും നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. ആദ്യം ശ്രമം വിജയിച്ചാല്‍ തുടര്‍ന്നും കുട്ടികളെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടാനായിരുന്നു പ്രതികളുടെ പദ്ധതി.
പ്രതികള്‍ക്ക് വീട് വെച്ചതടക്കം ഒരുപാട് കടങ്ങളുണ്ട്. ബാങ്ക് വായ്പയടക്കം അഞ്ച് കോടി രൂപയുടെ കടം വീട്ടാനാണ് ഇങ്ങനെയൊരു സാഹസത്തിന് പ്രതികള്‍ മുതിര്‍ന്നത്. ആദ്യ ശ്രമം വിജയിച്ചാല്‍ മറ്റ് ചില കുട്ടികളെ തട്ടിക്കൊണ്ടുപോകാനും ഇവര്‍ പദ്ധതിയിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ അനുപമയുടെ നോട്ട്ബുക്കില്‍ നിന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ജീവപര്യന്തം മുതല്‍ വധശിക്ഷ വരെ ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.