മാനന്തവാടി: പനച്ചിയില്‍ അജീഷിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ഭൗത്യം ഇന്നും തുടരും. ജനവാസ മേഖലയില്‍ കയറി ഒരു ജീവനെടുത്ത ആനയ്ക്കെതിരെ വനംവകുപ്പ് ഒന്നും ചെയ്യുന്നില്ലെന്നാരോപിച്ച് പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. ആന തോല്‍പ്പെട്ടി വനമേഖലയില്‍ തന്നെ ഉണ്ടെന്നാണ് നിഗമനം.
അതേ സമയം, മയക്കുവെടി വെക്കുന്നതിനുള്ള ദൗത്യം ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ വനംവകുപ്പ് അവസാനിപ്പിച്ചിരുന്നു. ആനയെ മയക്കുവെടിവയ്ക്കാനുള്ള നീക്കം പരാജയപ്പെട്ടതോടെ നാട്ടുകാര്‍ പ്രകോപിതരായി. രാത്രി 12 പട്രോളിങ് സംഘങ്ങളുടെ കാവല്‍ ഉറപ്പാക്കിയതോടെയാണ് രംഗം ശാന്തമായത്.
ആനയെ കണ്ടെത്താനായി ട്രാക്കിങ് സംഘം അല്പ സമയത്തിനകം ശ്രമം തുടങ്ങും. ആന ജനവാസമേഖലയില്‍ തന്നെ തുടരുന്നുണ്ടെങ്കില്‍ ഉടന്‍ മയക്കുവെടി വെച്ച് പിടികൂടാന്‍ ശ്രമം ആരംഭിക്കും. ആന കേരള വനാതിര്‍ത്തി കടന്നാല്‍ നിരീക്ഷണം തുടരും.