Newsperseconds.com

അടിയന്തിര ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല; തൃപ്പൂണിത്തുറ സ്‌ഫോടനത്തില്‍ ഒരാള്‍ കൂടി മരിച്ചു

Capture

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ സ്‌ഫോടനത്തില്‍ ഒരാള്‍ കൂടി മരിച്ചു. ചികിത്സയിലായിരുന്ന ദിവാകരനാണ് മരിച്ചത്. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ദിവാകരന് അടിയന്തിര ശസ്ത്രക്രിയ നടത്തിയിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വൈകുന്നേരം 7 മണിയോടെയാണ് ദിവാകരന്‍ മരണത്തിന് കീഴടങ്ങിയത്. സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ വിഷ്ണു എന്നയാള്‍ രാവിലെ മരിച്ചിരുന്നു. സ്‌ഫോടനത്തില്‍ പരിക്കേറ്റ സ്ത്രീകളും കുട്ടികളുമടക്കം 16 പേരെ തൃപ്പൂണിത്തറ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഇന്ന് രാവിലെ പത്തരയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. അടുത്തുളള വീടുകളെല്ലാം തകര്‍ന്നു. സ്‌ഫോടകവസ്തുക്കള്‍ അനുമതിയില്ലാതെയാണ് സൂക്ഷിച്ചിരുന്നത്. സഫോടക വസ്തുക്കള്‍ സൂക്ഷിക്കാന്‍ അനുമതിയുണ്ടായിരുന്നില്ലെന്ന് ജില്ലാ ഫയര്‍ഫോഴ്‌സും സ്ഥിരീകരിച്ചു.

തൃപ്പൂണിത്തുറ, പുതിയകാവ് അമ്പലത്തിലെ താലപ്പൊലിയോടനുബന്ധിച്ചുള്ള വെടിക്കെട്ടിനായി എത്തിച്ച പടക്കമാണ് പൊട്ടിത്തെറിച്ചത്. വലിയ തോതില്‍ പടക്കം ശേഖരിച്ചിരുന്നു. സമീപത്തെ 50 ഓളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. വീടുകളുടെ മേല്‍ക്കൂര തകര്‍ന്നു. ഉഗ്ര സ്‌ഫോടനമാണ് ഉണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അരകിലോമീറ്റര്‍ അകലെ വരെ സ്‌ഫോടകാവശിഷ്ടങ്ങളുമെത്തി.

Share this Article

Leave a Comment