തിരുവനന്തപുരം: സപ്ലൈകോയിലെ പുതിയ നിരക്കുകള്‍ പുറത്തുവിട്ട് ഭക്ഷ്യവകുപ്പ്. പുതിയ നിരക്ക് അനുസരിച്ച് 13 ഇനം സാധനങ്ങളില്‍ എറ്റവും വിലകൂടിയത് മുളകിനാണ്. ഓരോ സാധനങ്ങളുടെയും വിപണിവിലയില്‍ നിന്ന് 35% സബ്സിഡി കുറച്ചാണ് പുതിയ വില വിവര പട്ടിക തയ്യാറാക്കിയത്. പുതുക്കിയ വിലയ്ക്കാകും മാവേലി സ്റ്റോറുകളില്‍ ഇനി സബ്സിഡി സാധനങ്ങള്‍ ലഭിക്കുക.
37.50 രൂപയ്ക്ക് ലഭിച്ചിരുന്ന അരക്കിലോ മുളക് ഇനി 82 രൂപയ്ക്കാണ് ലഭിക്കുക. 44.50 രൂപയാണ് വര്‍ധിച്ചത്. 65 രൂപ ആയിരുന്ന തുവരപ്പരിപ്പിന് 46 രൂപ വര്‍ദ്ധിച്ച് 111 രൂപയായി. വന്‍പയറിന് 31 രൂപ കൂടി. വില കാര്യമായി കൂടിയ മറ്റൊരു ഇനം ഉഴുന്നാണ്. 66 രൂപ ആയിരുന്ന ഉഴുന്ന് 29 രൂപ കൂടി 95 രൂപയായി. വന്‍കടല കിലോയ്ക്ക് 27 രൂപയും ചെറുപയറിന് 19രൂപയും പഞ്ചസാരയ്ക്ക് 6 രൂപയും വെളിച്ചെണ്ണയ്ക്ക് 9 രൂപയുമാണ് കൂടിയത്. കുറുവ, മട്ട അരികള്‍ക്ക് 5 രൂപയും ജയ അരിക്ക് നാല് രൂപയും കൂടിയിട്ടുണ്ട്. പുതിയ സ്റ്റോക്കുകള്‍ക്കാണ് പുതുക്കിയ വില എടുക്കുക.