Newsperseconds.com

ഡേ കെയറില്‍ നിന്ന് രണ്ടുവയസ്സുകാരന്‍ ഒറ്റയ്ക്ക് നടന്ന് വീട്ടിലെത്തിയ സംഭവം; മൂന്ന് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

Capture

തിരുവനന്തപുരം: കാക്കാമൂലയില്‍ ഡേ കെയറില്‍നിന്ന് ഒന്നര കിലോമീറ്റര്‍ നടന്ന് രണ്ടുവയസുകാരന്‍ വീട്ടിലെത്തിയ സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍. അധ്യാപകര്‍ക്കെതിരെ കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഡേകെയറിലെത്തിയ കുട്ടികളുടെ ഹാജര്‍ എടുത്ത് അധ്യാപകര്‍ അടുത്തുള്ള വീട്ടില്‍ കല്ല്യാണത്തിന് പോയ സമയത്താണ് സംഭവം നടന്നത്.

രണ്ടു വയസ്സുകാരനായ അങ്കിത് ഒന്നരകിലോമീറ്റര്‍ ഒറ്റക്ക് നടന്നാണ് വീട്ടില്‍ എത്തിയത്. കുട്ടി ഒറ്റക്ക് വീട്ടില്‍ ചെന്ന് കയറിയപ്പോള്‍ പേടിച്ചു പോയെന്ന് പിതാവ് പറഞ്ഞു. ഇനി കുട്ടിയെ ഡേ കെയറില്‍ വിടില്ല എന്ന് മാതാപിതാക്കള്‍ പറഞ്ഞു. ഭാഗ്യം കൊണ്ട് മാത്രമാണ് കുട്ടിക്ക് ഒന്നും സംഭവിക്കാതിരുന്നതെന്നും സംഭവത്തിന്റെ നടുക്കം ഇതുവരെ മാറിയിട്ടില്ലെന്നും മാതാപിതാക്കള്‍ പറഞ്ഞു. ചൈല്‍ഡ് ലൈനിലും പൊലീസ് സ്റ്റേഷനിലും കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.

കുട്ടി നടന്നു വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. നിരവധി വളവുകളുള്ള വഴികളിലൂടെയാണ് കുട്ടി കടന്ന് വന്നത്. പട്ടി ശല്യമൊക്കെ ഉള്ള പ്രദേശമാണെന്നും കുട്ടി എങ്ങനെ എത്തിയെന്ന് അറിയില്ലെന്നും പിതാവ് പറഞ്ഞു. വന്ന റോഡില്‍ ആളുകള്‍ ഉണ്ടാകില്ലെയെന്നും കുട്ടിയെ കണ്ടാല്‍ സംശയം തോന്നില്ലെയെന്നും ചോദ്യങ്ങളുയര്‍ന്നു. ഒരു അധ്യാപിക മാത്രമാണ് ഡേകെയറില്‍ ഉണ്ടായിരുന്നത്. മുതിര്‍ന്ന കുട്ടികളെ ശുചിമുറിയിലേക്കു വിട്ട സമയത്താണ് രണ്ടു വയസ്സുകാരന്‍ പുറത്തേക്കിറങ്ങിയത്. കുട്ടി ഒറ്റയ്ക്ക് രണ്ടു കിലോമീറ്റര്‍ നടന്ന് വീട്ടിലെത്തിയിട്ടും കുട്ടി ഇറങ്ങിപ്പോയത് ഡേ കെയര്‍ അധികൃതര്‍ അറിഞ്ഞില്ല. കുഞ്ഞ് റോഡില്‍ കൂടി നടന്നു വരുന്ന ദൃശ്യങ്ങള്‍ അടുത്തുള്ള സി സി ടി ടിവിയില്‍ പതിഞ്ഞിരുന്നു . കുട്ടി പേടിച്ചും ഭയന്നുമാണ് വീട്ടിലെത്തിയത്.

Share this Article

Leave a Comment