കല്‍പ്പറ്റ: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണം തുടരുന്നു. കുറുവ ദ്വീപിലെ ജീവനക്കാരനെയാണ് കാട്ടാന ആക്രമിച്ചത്. ഇന്ന് രാവിലെ ഒന്പതരയോട് കൂടിയാണ് ആനയുടെ ആക്രമണം ഉണ്ടായത്. പരിക്കേറ്റ പാക്കം സ്വദേശി പോള്‍ മാനന്തവാടി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. വയനാട്ടിലെ ജനവാസ മേഖലകളില്‍ കഴിഞ്ഞ ഒരു മാസമായിട്ട് ഭീതി പടര്‍ത്തുകയാണ്.
പാക്കം മേഖലയില്‍ നിന്നുള്ള കുറുവദ്വീപിലേക്കുള്ള എന്ട്രന്സില് ഡ്യൂട്ടി ചെയ്യുന്നതിനിടെയാണ് കാട്ടാനായുടെ ആക്രമണം ഉണ്ടായത്. തുടര്‍ന്ന് പോളിന്റെ കരച്ചില് കേട്ട് സമീപത്ത് ജോലി ചെയ്തിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ ഓടിയെത്തുകയായിരുന്നു. അവര്‍ ഒച്ചവെച്ച് കാട്ടാനയെ ഓടിച്ചു. തൊഴിലുറപ്പ് തൊഴിലാളികളാണ് പോളിനെ ആശുപത്രിയിലെത്തിച്ചത്.
അതേ സമയം, മാനന്തവാടിയില്‍ ബേലൂര്‍ മഗ്നയെന്ന ആളെക്കൊല്ലി കാട്ടാനയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. ഇന്നലെ രാവിലെയാണ് വയനാട്ടില്‍ പുലി ഇറങ്ങിയത്. രാവിലെ പള്ളിയില്‍ പോകുന്ന സ്ത്രീയാണ് പുലിയെ കണ്ടത്. പുലി റോഡ് മുറിച്ച് കാട്ടിലേക്ക് ഓടുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വന്യജീവികളുടെ ആക്രമണങ്ങള്‍ വയനാട്ടില്‍ ദിനംപ്രതി വര്‍ദ്ധിച്ചുവരുന്നതിനാല്‍ പ്രദേശവാസികള്‍ ആശങ്കയിലാണ്.