Newsperseconds.com

കുറുവാദ്വീപില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ പാക്കം സ്വദേശി പോള്‍ മരിച്ചു

Capture

കല്‍പ്പറ്റ: വയനാട്ടിലെ കുറുവാദ്വീപില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ വിഎസ്എസ് ജീവനക്കാരന്‍ പാക്കം സ്വദേശി പോള്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ പോളിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവം നടന്ന് രണ്ട് മണിക്കൂറിനുള്ളിലാണ് പോളിനെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. പോളിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളേജ് കാഷ്യാലിറ്റിയില്‍ പ്രവേശിപ്പിക്കപ്പെട്ട പോളിന്റെ മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.

വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഇത് രണ്ടാമത്തെ മരണമാണ് ഒരാഴ്ചക്കുള്ളില്‍ നടക്കുന്നത്. കുറുവ ദ്വീപിലെ ജീവനക്കാരനെയാണ് കാട്ടാന ആക്രമിച്ചത്. ഇന്ന് രാവിലെ ഒന്‍പതരയോട് കൂടിയാണ് ആനയുടെ ആക്രമണം ഉണ്ടായത്. വയനാട്ടിലെ ജനവാസ മേഖലകളില്‍ കഴിഞ്ഞ ഒരു മാസമായിട്ട് വന്യജീവികള്‍ ഭീതി പടര്‍ത്തുകയാണ്. പാക്കം മേഖലയില്‍ നിന്നുള്ള കുറുവദ്വീപിലേക്കുള്ള എന്‍ട്രന്‍സില്‍ ഡ്യൂട്ടി ചെയ്യുന്നതിനിടെയാണ് കാട്ടാനായുടെ ആക്രമണം ഉണ്ടായത്. തുടര്‍ന്ന് പോളിന്റെ കരച്ചില്‍ കേട്ട് സമീപത്ത് ജോലി ചെയ്തിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ ഓടിയെത്തുകയായിരുന്നു. അവര്‍ ഒച്ചവെച്ച് കാട്ടാനയെ ഓടിച്ചു. തൊഴിലുറപ്പ് തൊഴിലാളികളാണ് പോളിനെ ആശുപത്രിയിലെത്തിച്ചത്.

അതേ സമയം, മാനന്തവാടിയില്‍ ബേലൂര്‍ മഗ്നയെന്ന ആളെക്കൊല്ലി കാട്ടാനയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. ഇന്നലെ രാവിലെയാണ് വയനാട്ടില്‍ പുലി ഇറങ്ങിയത്. രാവിലെ പള്ളിയില്‍ പോകുന്ന സ്ത്രീയാണ് പുലിയെ കണ്ടത്. പുലി റോഡ് മുറിച്ച് കാട്ടിലേക്ക് ഓടുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വന്യജീവികളുടെ ആക്രമണങ്ങള്‍ വയനാട്ടില്‍ ദിനംപ്രതി വര്‍ദ്ധിച്ചുവരുന്നതിനാല്‍ പ്രദേശവാസികള്‍ ആശങ്കയിലാണ്.

Share this Article

Leave a Comment