കല്‍പ്പറ്റ: വന്യജീവി ആക്രമണത്തില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ നാളെ എല്‍ഡിഎഫ്, യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഒരാഴ്ച്ചക്കിടെ രണ്ട് മരണമാണ് വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ഉണ്ടായത്. രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
കുറുവ ദ്വീപിലെ ജീവനക്കാരനായ പോളാണ് കാട്ടാന ആക്രമത്തില്‍ ഇന്ന് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ഒന്‍പതരയോട് കൂടിയാണ് ആനയുടെ ആക്രമണം ഉണ്ടായത്. വയനാട്ടിലെ ജനവാസ മേഖലകളില്‍ കഴിഞ്ഞ ഒരു മാസമായിട്ട് വന്യജീവികള്‍ ഭീതി പടര്‍ത്തുകയാണ്. പാക്കം മേഖലയില്‍ നിന്നുള്ള കുറുവദ്വീപിലേക്കുള്ള എന്‍ട്രന്‍സില്‍ ഡ്യൂട്ടി ചെയ്യുന്നതിനിടെയാണ് കാട്ടാനായുടെ ആക്രമണം ഉണ്ടായത്.
അതേ സമയം, മാനന്തവാടിയില്‍ ബേലൂര്‍ മഗ്നയെന്ന ആളെക്കൊല്ലി കാട്ടാനയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. ഇന്നലെ രാവിലെയാണ് വയനാട്ടില്‍ പുലി ഇറങ്ങിയത്. രാവിലെ പള്ളിയില്‍ പോകുന്ന സ്ത്രീയാണ് പുലിയെ കണ്ടത്. പുലി റോഡ് മുറിച്ച് കാട്ടിലേക്ക് ഓടുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വന്യജീവികളുടെ ആക്രമണങ്ങള്‍ വയനാട്ടില്‍ ദിനംപ്രതി വര്‍ദ്ധിച്ചുവരുന്നതിനാല്‍ പ്രദേശവാസികള്‍ ആശങ്കയിലാണ്. കാട്ടാനയെ പിടികൂടാത്തതില്‍ വനംവകുപ്പിനെതിരെ നാട്ടുകാര്‍ രോഷാകുലരാണ്.