Newsperseconds.com

രാഹുല്‍ഗാന്ധി വയനാട്ടിലെത്തി; ആദ്യ സന്ദര്‍ശനം അജീഷിന്റെ വീട്ടില്‍; ജില്ലാ ഭരണകൂടവുമായി നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തും

Capture

പുല്‍പ്പളളി: വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമായ പുല്‍പ്പള്ളിയില്‍ പ്രതിഷേധം കനക്കുന്നതിനിടെ രാഹുല്‍ ഗാന്ധി എംപി വയനാട്ടിലെത്തി. രാവിലെ എട്ട് മണിയോടെയാണ് സ്ഥലം എംപി രാഹുല്‍ഗാന്ധി വയനാട് എത്തിയത്. കണ്ണൂരില്‍ നിന്ന് റോഡുമാര്‍ഗമാണ് പടമലയിലെത്തിയത്. ബേലൂര്‍ മഖ്‌നയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ വീട്ടിലാണ് രാഹുല്‍ ആദ്യമെത്തിയത്. അതിനു ശേഷം കഴിഞ്ഞ ദിവസം കാട്ടാനയുടെ ചവിട്ടേറ്റു മരിച്ച പി.വി. പോളിന്റെ പാക്കത്തെ വീട് സന്ദര്‍ശിക്കും. കടുവയുടെ ആക്രമണത്തില്‍ കഴിഞ്ഞ ഡിസംബറില്‍ കൊല്ലപ്പെട്ട പ്രജീഷിന്റെ വീടും അദ്ദേഹം സന്ദര്‍ശിക്കും.

ഒരാഴ്ചക്കിടയില്‍ രണ്ട് പേരെ കാട്ടാന അക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ വയനാടന്‍ ജനതയുടെ പ്രതിഷേധം ഇതോടെ ദേശീയ ശ്രദ്ധയാകര്‍ഷിക്കുകയാണ്. ദേശീയ തലത്തിലേക്ക് വിഷയം ഉയര്‍ന്നതോടെയാണ് സ്ഥലം എം പി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തിയത്. ഭാരത് ജോഡോ ന്യായ് യാത്രക്ക് ചെറിയ ഇടവേള നല്‍കിയാണ് രാഹുല്‍ വയനാട്ടിലേക്ക് പറന്നെത്തിയത്. നിലവില്‍ വരാണസിയിലാണ് ഭാരത് ജോഡോ ന്യായ് യാത്ര എത്തിനില്‍ക്കുന്നത്. വയനാട്ടില്‍ തന്റെ സാന്നിധ്യം ആവശ്യമുണ്ടെന്നും ഇന്ന് ഉച്ചവരെ വയനാട്ടില്‍ നിന്ന ശേഷമേ തിരിക്കുകയുള്ളുവെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. കല്‍പ്പറ്റയില്‍ പിഡബ്യൂഡി റസ്റ്റ് ഹൌസില്‍ ജില്ലാ ഭരണകൂടവുമായി നിലവിലെ സ്ഥിതിഗതികള്‍ രാഹുല്‍ ഗാന്ധി വിലയിരുത്തും.

Share this Article

Leave a Comment