തിരുവനന്തപുരം: പേട്ടയില്‍ കാണാതായ രണ്ട് വയസ്സുകാരി മേരിക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. സംഭവത്തില്‍ സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തി വരികയാണ്. രാത്രി 12ന് ശേഷം രണ്ട് പേര്‍ ബൈക്കില്‍ പോകുന്നത് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നുണ്ട്. രണ്ട് പേരുടേയും ഇടയില്‍ കുട്ടി ഉള്ളതായാണ് സംശയം. കുട്ടിയെ കാണാതായതിന് സമീപത്ത് നിന്നാണ് സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് കൂടുതല്‍ ദൃശ്യങ്ങള്‍ ശേഖരിക്കുകയാണ്.
അതേസമയം, ഇന്നലെ രാത്രി ഭക്ഷണം കഴിക്കാന്‍ പുറത്തിറങ്ങിയപ്പോള്‍ ബൈക്കില്‍ കുട്ടിയെ കൊണ്ട് പോകുന്നത് കണ്ടുവെന്ന് സംശയം പ്രകടിപ്പിച്ച യുവാവിനെ സ്റ്റേഷനില്‍ എത്തിച്ചു. രണ്ട് പുരുഷന്മാര്‍ ഒരു സ്‌കൂട്ടറില്‍ കുട്ടിയെ കൊണ്ടുപോകുന്നത് കണ്ടെന്നാണ് യുവാവ് പോലീസിന് മൊഴി നല്‍കിയത്. പോലീസും നാട്ടുകാരും കുട്ടിക്ക് വേമ്ടി തലസ്ഥാനത്തിന്റെ മുക്കും മൂലയും തിരയുകയാണ്. കുട്ടി ജില്ല വിട്ട് പോയിട്ടില്ലെന്ന് തന്നെയാണ് കരുതുന്നത്. സംഭവം നടന്ന് മണിക്കൂറുകള്‍ പിന്നിട്ടിട്ടും യാതൊരു വിധത്തിലുള്ള നിര്‍ണ്ണായക തെളിവുകളും ലഭിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങളിലുള്ളത് ഈ കുട്ടി തന്നെയാണോ എന്നതും സംശയത്തിലാണ് പോലീസ്.