ഗോഡ്‌സെയെ മഹത്‌വല്‍ക്കരിച്ച് ഫേസ്ബുക്കില്‍ കമന്റിട്ട കേസില്‍ എന്‍ഐടി പ്രൊഫസര്‍ ഷൈജ ആണ്ടവന് ജാമ്യം.കുന്നമംഗലം കോടതിയാണ് ജാമ്യം അനുവദിച്ചത്. ഷൈജയെ പൊലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. കോടതിയില്‍ നേരിട്ട് ഹാജരായ ശേഷം ഷൈജ ആണ്ടവന്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുകയായിരുന്നു.
മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനത്തില്‍ കൃഷ്ണരാജ് എന്ന പ്രൊഫൈലില്‍നിന്ന് പോസ്റ്റ് ചെയ്ത ഗോഡ്‌സെയുടെ ചിത്രത്തിനു താഴെയായിരുന്നു കമന്റ്. ഫേസ്ബുക്ക് കമന്റ് ഇടാന്‍ ഉപയോഗിച്ച ഫോണ്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാക്കി. അന്വേഷണസംഘം എപ്പോള്‍ വിളിച്ചാലും ഹാജരാകണമെന്ന നോട്ടീസ് നല്‍കിയതിന് ശേഷമാണ് അധ്യാപികയെ വിട്ടയച്ചത്. കലാപ ആഹ്വാനത്തിനാണ് അധ്യാപികയ്ക്കെതിരെ പൊലീസ് കേസെടുത്തത്. എസ് എഫ് ഐയുടെ പരാതിപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
അതേ സമയം, കുന്ദമംഗലം യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ജിനീഷ് കുറ്റിക്കാട്ടൂരിന്റെ നേതൃത്വത്തില്‍ ജാമ്യത്തിലിറങ്ങിയ ഷൈജ ആണ്ടവന് നേരെ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധമുണ്ടായി. കോടതിയില്‍ നിന്നും പുറത്ത് ഇറങ്ങിയപ്പോഴായിരുന്നു സംഭവം.