കൊച്ചി: മരട് ഭഗവതി ക്ഷേത്രത്തിലെ വെടിക്കെട്ടിനു ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് അപ്പീല്‍ നല്‍കി ദേവസ്വം. ഡിവിഷന്‍ ബെഞ്ചിലാണ് ദേവസ്വം അപ്പീല്‍ നല്‍കിയത്. തൃപ്പൂണിത്തുറയില്‍ വെടിക്കെട്ട് അപകടത്തില്‍ രണ്ടുപേര്‍ മരിച്ച സാഹചര്യത്തില്‍ മരടിലെ വെടിക്കെട്ടിനും ജില്ലാ കളക്ടര്‍ അനുമതി നിഷേധിച്ചിരുന്നു.
അതേ സമയം, ക്ഷേത്രം ഭരണസമിതി സ്ഥിരം നിയമലംഘകരാണെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. വെടിക്കെട്ട് നടക്കുന്ന ക്ഷേത്ര മൈതാനത്തിന്റെ പരിസരത്ത് വ്യാപാര സ്ഥാപനങ്ങളും വീടുകളും സ്‌കൂളുമുണ്ട്. ചട്ടപ്രകാരം വെടിക്കെട്ട് നടത്താനാവില്ല. കാഴ്ചക്കാര്‍ക്ക് നിശ്ചിത ദൂരപരിധിയില്‍ ഇരുന്ന് വെടിക്കെട്ട് കാണാനുള്ള സൗകര്യവുമില്ല. ഇത്തരം അപകട സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് അനുമതി നിഷേധിച്ചത്. പല തവണ ഇവിടെ ഹൈക്കോടതി വിധി ലംഘിച്ച് വെടിക്കെട്ട് നടത്തിയിട്ടുണ്ടെന്നും കോടതി പറഞ്ഞു. നാളെയാണ് വെടിക്കെട്ട് നടത്താനായിരുന്നു സമിതി തീരുമാനിച്ചിരുന്നത്.