Newsperseconds.com

ചാലിയാര്‍പുഴയില്‍ മുങ്ങിമരിച്ച 17 കാരിയുടെ മരണം; റോഡില്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ട യുവാക്കളെ തേടി പോലീസ്; കൊലപാതകമെന്ന് ആരോപിച്ച് കുടുംബം

Untitled 1

മലപ്പുറം: ചാലിയാര്‍പുഴയില്‍ മുങ്ങിമരിച്ച 17 കാരിയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബം. പെണ്‍കുട്ടി മരണപ്പെട്ട ദിവസം റോഡില്‍ ദുരൂഹ സാഹചര്യത്തില്‍ രണ്ട് യുവാക്കള്‍ ബൈക്കിലെത്തിയിരുന്നുവെന്ന് നാട്ടുകാര്‍ പോലീസിനെ അറിയിച്ചു. ബൈക്കില്‍ വന്ന യുവാക്കളുമായി കുട്ടി റോഡില്‍ വച്ച് വാക്കുതര്‍ക്കമുണ്ടായത് നാട്ടുകാര്‍ കണ്ടിട്ടുണ്ട്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് കുട്ടിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി ആത്മഹത്യ ചെയ്തതല്ലെന്നും സംഭവത്തില്‍ ദുരൂഹത ഉണ്ടെന്നുമാണ് കുടുംബം പറയുന്നത്.

കുട്ടിയുടെ മൃതദേഹം കിട്ടുന്ന സമയത്ത് അടിവസ്ത്രങ്ങള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. മുട്ടോളം വെള്ളമുള്ള സ്ഥലത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും പുഴയില്‍ മുങ്ങി മരിക്കാനുള്ള സാധ്യതയില്ലെന്നുമാണ് കുടുംബവും നാട്ടുകാരും വെളിപ്പെടുത്തിയത്. മുങ്ങാനുള്ള വെള്ളമില്ലാത്ത സ്ഥലത്താണ് മൃതദേഹം കിടന്നിരുന്നതെന്നും മേല്‍വസ്ത്രങ്ങളുണ്ടായിരുന്നില്ലെന്നും കൊലപാതകമാണോയെന്ന് സംശയമുണ്ടെന്നും അയല്‍വാസികള്‍ ആരോപിക്കുന്നുണ്ട്. കുട്ടിയുടെ ശരീരത്തിലെ വസ്ത്രങ്ങള്‍ എവിടെപ്പോയി, മുട്ടോളം വെള്ളത്തില്‍ എങ്ങനെ മുങ്ങി മരിച്ചു തുടങ്ങിയ ചോദ്യങ്ങള്‍ കേസില്‍ നിര്‍ണ്ണായകമാണ്. പുഴയില്‍ ചാടി 17വയസുകാരിയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തെങ്കില്‍ മൃതദേഹം പൊങ്ങാനുള്ള സമയം ആയില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും കുടുംബം പറഞ്ഞു.

അതേ സമയം, സംഭവത്തില്‍ കരാട്ടെ അധ്യാപകനായ സിദ്ദിഖ് അലിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കുട്ടിയെ നിരന്തര പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് കുടുംബം പരാതി നല്‍കിയിരുന്നു. പെണ്‍കുട്ടി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍, കരാട്ടെ മാസറ്റര്‍ ആരോപണം നിഷേധിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ എത്തിയിരുന്നു. എന്നാല്‍ നിരവധി ആളുകളാണ് കരാട്ടെമാസറ്റര്‍ക്കെതിരെ പരാതിയുമായി രംഗത്ത് വന്നത്. തുടര്‍ന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സിദ്ദീഖലി നേരത്തെയും പോക്‌സോ കേസില്‍ റിമാന്‍ഡിലായിട്ടുണ്ട്. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം തുടരുകയാണ്.

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയും വെട്ടത്തൂര്‍ സ്വദേശി വളച്ചിട്ടിയില്‍ സിദ്ദിഖിന്റെ മകള്‍ സന ഫാത്തിമയെയാണ് (17) ചാലിയാര്‍ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പുഴയില്‍ പൊങ്ങി കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഉടനെ വാഴക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ നഷ്ടമായിരുന്നു. പെണ്‍കുട്ടിയെ കാണാതായതോടെ രക്ഷിതാക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് പുഴയില്‍ ദുരൂഹ സാഹചര്യത്തില്‍ സനയുടെ മൃതദേഹം കണ്ടത്.

Share this Article

Leave a Comment