തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുക്കാന്‍ എത്തിയത് ജനസാഗരം. ശ്രികോവിലില്‍ നിന്നും കൊളുത്തിയ ദീപത്തില്‍ നിന്നും പണ്ടാര അടുപ്പിലേക്ക് അഗ്‌നി പകര്‍ന്നതിന് പിന്നാലെ തലസ്ഥാന നഗരിയില്‍ വിശ്വാസികള്‍ പൊങ്കലയിട്ടു. പത്തരയ്ക്കാണ് ചടങ്ങ് തീരുമാനിച്ചിരുന്നതെങ്കിലും വൈകിയാണ് തുടങ്ങിയത്. ക്ഷേത്രം തന്ത്രിയാണ് ശ്രീകോവിലില്‍ നിന്നും ദീപം മേല്‍ശാന്തി വിഷ്ണുവാസുദേവന്‍ നമ്പൂതിരിക്ക് കൈമാറിയത്.
ഉച്ചയ്ക്ക് രണ്ടരക്കാണ് പൊങ്കാല നിവേദ്യം അര്‍പ്പിക്കുക. കനത്ത സുരക്ഷയാണ് തലസ്ഥാനത്ത് ഏര്‍പ്പെടുത്തിയത്. രാത്രി എട്ട് മണിവരെ നഗരത്തില്‍ ഗതാഗത നിയന്ത്രണമുണ്ട്. കൊടും ചൂടിനെ ഗൗനിക്കാതെ തലസ്ഥാനം ഭക്തരുടെ കടലായി മാറി. പൊങ്കാല ദിനം വിശ്വാസികളുടെ തിരക്കിലാണ് തിരുവനന്തപുരം നഗരമുടനീളം. രാവിലെ ചെറിയതോതില്‍ ചാറ്റല്‍മഴയുണ്ടായെങ്കിലും മഴ തടസമായില്ല.
നഗരത്തിനുളളില്‍ ഗതാഗതനിയന്ത്രണവും വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ചരക്കുവണ്ടികള്‍ ഇന്നലെ മുതല്‍ നഗരത്തിലേക്ക് വിടുന്നില്ല. മറ്റ് ജില്ലകളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ ഭക്തരുടെ തിരക്കിലാണ് നഗരം. പൊള്ളുന്ന ചൂടിലും ഭക്തിസാന്ദ്രമായി തിരുവനന്തപുരം നഗരം ജനസാഗരത്താല്‍ നിറഞ്ഞെഴുകി.