കൊച്ചി നഗരത്തെ സിനിമയുടെയും, ഫാഷന്റെയും തലസ്ഥാനമാക്കാന്‍ ഒരുങ്ങി ആര്‍.പി.ഐ (എ )സംസ്ഥാന പ്രസിഡന്റ് പി.ആര്‍.സോംദേവ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ മറ്റേതൊരു മേഖലയെയും പോലെ പ്രധാനമാണ് സിനിമാ വ്യവസായവും ഫാഷനും. അനുദിനം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് സിനിമയും ഫാഷനും ഒരേപോലെ പങ്കു വഹിക്കുന്നുണ്ട്. ഭാരതത്തിന്റെ സോഫ്റ്റ് പവറിന്റെ വികസനം എന്ന ലക്ഷ്യത്തോടെയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് എന്ന രാഷ്ട്രീയ സംഘടനയുടെ കീഴില്‍ ഉപസംഘടനയായി റിപ്പബ്ലിക്കന്‍ ഫെഡറേഷന്‍ ഫോര്‍ സിനിമ ,ഫാഷന്‍ ആന്‍ഡ് ആര്‍ട്ട് എന്ന സംഘടന രൂപീകരിക്കുന്നത്. ഫെഡറേഷന്റെ ഉദ്ഘാടനം നാഷണല്‍ പ്രോഗ്രസ്സീവ് പാര്‍ട്ടി സംസ്ഥാന ചെയര്‍മാന്‍ വി.വി.അഗസ്റ്റിന്‍ നിര്‍വ്വഹിച്ചു.
മാറുന്ന കാലത്തിന് അനുസരിച്ച് ഫാഷന്‍ സങ്കല്പങ്ങള്‍ മാറേണ്ടത് അനിവാര്യമാണ്. രാജ്യത്തിന്റെ ഗതിവിഗതികള്‍ മാറ്റി മറിക്കുന്നത് ആധുനിക ഫാഷന്‍ സങ്കല്പങ്ങളാണന്ന് യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് വി.വി.അഗസ്റ്റിന്‍ പറഞ്ഞു. സിനിമ, ഫാഷന്‍, ആര്‍ട്ട് എന്നീ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും ഈ മേഘലകളില്‍ അഭിരുചിയുള്ള കേരളത്തിന് അകത്തും പുറത്തുമുള്ള എല്ലാ ഭാരതീയര്‍ക്കും ഫെഡറേഷന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ വോളന്റിയര്‍ മെമ്പര്‍ഷിപ്പ് സംവിധാനം ഒരുക്കുമെന്ന് സംഘടന അറിയിച്ചു.

സമൂഹത്തിന്റെ പ്രതിഫലനമാണ് സിനിമ. ഇത് സമൂഹത്തിന്റെ അസംസ്‌കൃത യാഥാര്‍ത്ഥ്യത്തെ നമുക്ക് കാണിച്ചുതരുന്നു. സിനിമ ഭാവനയെ വര്‍ദ്ധിപ്പിക്കുകയും നമ്മുടെ ചിന്തയും കാഴ്ചപ്പാടും വികസിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ വ്യത്യസ്ത കലാരൂപങ്ങളിലേക്ക് നമ്മെ പരിചയപ്പെടുത്തുന്നു. അതേ സമയം, സിനിമയും ഫാഷനും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്. സിനിമകളും ഫാഷന്‍ മാഗസിനുകളും സാമൂഹ്യമാധ്യമങ്ങളും വന്ന് കൈപിടിക്കുമ്പോള്‍ ഫാഷന്‍ ലോകത്ത് അനുനിമിഷം അരങ്ങേറുന്ന മാറ്റങ്ങള്‍ നോക്കാതിരിക്കാന്‍ നമുക്ക് വഴിയില്ല. സിനിമ വഴി നമ്മുടെ ജീവിതരീതികളിലും വസ്ത്രധാരണത്തിലുമെല്ലാം അരനൂറ്റാണ്ട് കൊണ്ട് സംഭവിച്ചിരിക്കുന്ന മാറ്റങ്ങള്‍ വലുതാണ്. സിനിമകളുടെ ചുവട് പിടിച്ച് മലയാളികളുടെ വസ്ത്രങ്ങളിലെ അഭിരുചികളും മാറുകയാണ്. ഈ മാറ്റങ്ങളെ കൂടുതല്‍ പ്രോത്സാഹിപ്പിച്ച് സിനിമ, ഫാഷന്‍, കലാ രംഗത്ത് വലിയൊരു മാറ്റം സൃഷ്ടിക്കാനൊരുങ്ങുകയാണ് റിപ്പബ്ലിക്കന്‍ ഫെഡറേഷന്‍ ഫോര്‍ സിനിമ ,ഫാഷന്‍ ആന്‍ഡ് ആര്‍ട്ട് എന്ന സംഘടന.
സംഘടനയുടെ വ്യവസ്ഥാപിതമായി ഒരുക്കിയിട്ടുള്ള സ്റ്റേറ്റ്, സോണല്‍, ജനറല്‍ ബോഡി സംവിധാനങ്ങളിലൂടെ കൊച്ചി കേന്ദ്രീകരിച്ച് ഭാരതത്തിന് പുതിയൊരു ഫാഷന്‍, സിനിമ ഇന്‍ഡസ്ട്രി നിര്‍വചിക്കാന്‍ വഴിയൊരുക്കുകയും ചെയ്യും. വിവിധ ഇന്റര്‍നാഷണല്‍ സംസ്‌കാരിക സമ്മിറ്റുക്കള്‍ കൊച്ചി കേന്ദ്രീകരിച്ച് നടത്തുന്നത് വഴി ഭാരതത്തിന്റെ സാംസ്‌കാരിക മൂല്യം ഉയര്‍ത്താന്‍ കഴിയുമെന്നും സംഘടന രാഷ്ട്രീയകാരല്ലാത്തവര്‍ നയിക്കുമെന്നും എന്‍. ഡി. എ ഘടക കക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ ( അത്വാലെ ) സംസ്ഥാന പ്രസിഡന്റ് പി. ആര്‍. സോംദേവ് പറഞ്ഞു. പാര്‍ട്ടി സംഘടന സെക്രട്ടറി ആര്‍. സി. രാജീവ് സംഘടന നിര്‍ദേശം നല്‍കി. ഡി.കെ.മേനോനെ ഫെഡറേഷന്റെ സ്റ്റേറ്റ് കണ്‍വീനറായും സുരേഷ് കുമാര്‍ കെ.വി , മനോജ് ലാല്‍ ,ഗോപകുമാര്‍ എന്നിവരെ ജോയന്റ് കണ്‍വീനറായും റ്റി.എം അജയ്‌നെ സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗമായും തിരഞ്ഞെടുത്തു .