കൊച്ചി: ടിപി ചന്ദ്രശേഖരന്റെ കൊലപാതക കേസിലെ പ്രതികള്‍ക്ക് വധശിക്ഷയില്ല. ഒന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍ക്കും ഏഴാം പ്രതിക്കും ഇരട്ട ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ഹൈക്കോടതി വിധിച്ചത്. ആറാം പ്രതിക്ക് ജീവപര്യന്തം തടവിനൊപ്പം ആറു മാസം കൂടി തടവിനും ഹൈക്കോടതി ശിക്ഷിച്ചിട്ടുണ്ട്. ഇവര്‍ക്ക് 20 വര്‍ഷത്തേയ്ക്ക് ശിക്ഷാ ഇളവോ പരോളോ ഉണ്ടായിരിക്കില്ല. ഹൈക്കോടതി വിധി പ്രകാരം 2044 വരെ ഇവര്‍ക്ക് ജയിലിന് പുറത്തിങ്ങാന്‍ കഴിയില്ല. ഹൈക്കോടതി പുതിയതായി പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയ കെകെ കൃഷ്ണന്‍, ജ്യോതി ബാബു എന്നിവര്‍ക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ചു. എന്നാല്‍ പ്രായാധിക്യവും ആരോഗ്യപ്രശ്‌നങ്ങളും കണക്കിലെടുത്ത് ഇരുവര്‍ക്കും പരോളിനായി അപേക്ഷിക്കാമെന്നും ഹൈക്കോടതി വിധിച്ചു.
കേസിലെ ഒന്ന് മുതല്‍ ഏഴുവരെയുള്ള പ്രതികളായ എംസി അനൂപ്, മനോജ് കുമാര്‍ (കിര്‍മാണി മനോജ്), എന്‍കെ സുനില്‍ കുമാര്‍ (കൊടി സുനി), ടികെ രജീഷ്, എംകെ മുഹമ്മദ് ഷാഫി, എസ് സിജിത്ത് (അണ്ണന്‍ സിജിത്ത്), കെ ഷിനോജ്, ഗൂഡാലോചനയില്‍ ശിക്ഷ അനുഭവിക്കുന്ന എട്ടാം പ്രതി കെസി രാമചന്ദ്രന്‍, 11ാം പ്രതി മനോജന്‍ (ട്രൗസര്‍ മനോജ്), 18ാം പ്രതി പിവി റഫീഖ് (വാഴപ്പടച്ചി റഫീഖ്, കെകെ കൃഷ്ണന്‍, ജ്യോതി ബാബു എന്നീ 12 പ്രതികളുടെ ശിക്ഷയാണ് ഹൈക്കോടതി വിധിച്ചത്.
അതേ സമയം, കൊല്ലപ്പെട്ട ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമയ്ക്ക് ഏഴരലക്ഷം രൂപയും മകന്‍ അഭിനന്ദിന് അഞ്ച് ലക്ഷം രൂപയും പ്രതികള്‍ പിഴയായി നല്‍കണം. ടി പി ചന്ദ്രശേഖരന്റെ കൊലപാതകം വിയോജിപ്പിനുള്ള അവകാശത്തിനു നേരെയുള്ള കടന്നാക്രമണമാണ്. ജനാധിപത്യത്തിനും നിയമ വാഴ്ചക്കും നേരെയുണ്ടായ ആക്രമണമെന്നാണ് പ്രതികളുടെ ശിക്ഷ ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട വാദത്തിനിടെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.