കേരളത്തെ മതഭീകരവാദശക്തികളില്‍ നിന്നും മുക്തമാക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിഞ്ജാബദ്ധമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. തിരുവനന്തപുരത്ത് നടന്ന കേരളപദയാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂഞ്ഞാറില്‍ ക്രൈസ്തവ പുരോഹിതന് ആരാധനാലയത്തിന് മുമ്പില്‍ വെച്ച് ആക്രമിക്കപ്പെട്ടത് ആരും മറന്നിട്ടില്ല. എന്നാല്‍ ഈ സംഭവത്തിനെതിരെ രണ്ട് മുന്നണികളും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം, ആറ്റുകാല്‍ പൊങ്കാലയ്ക്കെതിരെ നടന്ന ഹേറ്റ് ക്യാമ്പയിന് പിന്നിലും മതഭീകരവാദ ശക്തികളുടെ പ്രവര്‍ത്തനമാണ്. കേരളത്തിലെ ഇടത്-വലത് മുന്നണികളാണ് ഈ മതഭീകരവാദ സംഘടനകളെ പിന്തുണയ്ക്കുന്നത്. ഇതിനെതിരെ ശബ്ദിക്കാന്‍ ഇവിടെ ദേശീയ ജനാധിപത്യ സഖ്യം മാത്രമേ ഉള്ളു. കേരളത്തില്‍ ഇടതു വലതു മുന്നണികളുടെ രാഷ്ട്രീയം അവസാനിക്കാന്‍ പോവുകയാണ് എന്ന കാര്യം വ്യക്തമാണ്.
രണ്ട് മാസത്തിനിടെ മൂന്നാം തവണയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. പുതിയ കാര്യങ്ങളുമായാണ് മോദി ഓരോ തവണയും കേരളത്തിലെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന രാഷ്ട്രീയമാണ് വിജയിക്കുന്നത്. കേരളത്തിലേക്ക് വരുമ്പോള്‍ വലിയ ജനകീയമായ മുന്നേറ്റമാണ് നടത്തുന്നത്. ഇതുതന്നെയാണ് കേരളപദയാത്രക്ക് ലഭിക്കുന്ന ജനപിന്തുണ തെളിയിക്കുന്നതെന്നും കെ സുരേന്ദ്രന് പറഞ്ഞു.