നെയ്യാറ്റിന്‍കര: ശ്രീനാരായണ ഗുരുദേവന്‍ ആദ്യ പ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ക്ഷേത്രത്തിലെ 136-ാമത് പ്രതിഷ്ഠാ വാര്‍ഷികത്തിനും മഹാശിവരാത്രി ആഘോഷങ്ങള്‍ക്കും ഇന്ന് തുടക്കം കുറിച്ചു. പ്രതിഷ്ഠാവാര്‍ഷിക സമ്മേളനം ഇന്ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. രാവിലെ 7 മണിക്ക് സ്വാമി ഭൈരവന്‍ ശാന്തിയുടെ സമാധിയില്‍ പൂജ നടന്നു. 8 മണിക്ക് അഖണ്ഡശാന്തി ഹോമവും 11.30 ന് ഗുരുപൂജ അന്നദാനവും നടന്നു.

പ്രശസ്തമായ അരുവിപ്പുറം ശിവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരം ജില്ലയിലാണ്. 136 വര്‍ഷം മുമ്പാണ് ശ്രീനാരായണ ഗുരുദേവന്‍ അസ്വതന്ത്രരായ മനുഷ്യര്‍ക്കുവേണ്ടി സ്വാതന്ത്ര്യത്തിന്റെ ആധാരശില പാകിയത്. ശ്രീനാരയണഗുരു പ്രതിഷ്ഠ നടത്തിയ ഈ ക്ഷേത്രം കേരളത്തിലെ തന്നെ പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രമാണ്. ഇവിടുത്തെ ശിവരാത്രി ആഘോഷം വളരെ പ്രശസ്തമാണ്. നിരവധി ആളുകളാണ് ശിവരാത്രി ആഘോഷങ്ങള്‍ക്കായി അരുവിപ്പുറത്തെത്തുന്നത്.

സമ്മേളനത്തില്‍ മന്ത്രിമാരായ പി.കെ. മുഹമ്മദ് റിയാസ്, ജെ.ചിഞ്ചുറാണി, പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍, എന്നിവരും പങ്കെടുത്തു. കൂടാതെ ശശിതരൂര്‍ എം.പി, കേരളകൗമുദി ചീഫ് എഡിറ്റര്‍ ദീപുരവി, സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ, പി.കെ.കൃഷ്ണദാസ് എന്നിവര്‍ വിശിഷ്ടാതിഥികളായി. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ കെ.ബി.മോഹന്‍ദാസ്, ഗതാഗതവകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, സാംസ്‌കാരിക വകുപ്പ് ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.മധുപാല്‍, ഡോ.അനൂപ്, സൗത്ത് ഇന്ത്യന്‍ വിനോദ്, ജില്ലാപഞ്ചായത്ത് അംഗം വി.എസ്. ബിനു എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ജി.ഗോപിനാഥപ്പണിക്കര്‍ കേശവവിളാകത്തെ ആദരിച്ചു.

മാര്‍ച്ച് 8ന് രാവിലെ 11ന് സര്‍വ്വമത സമ്മേളന ശതാബ്ദി ആഘോഷം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ ഉദ്ഘാടനം ചെയ്യും. സ്വാമി വിശാലാനന്ദ അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് 6.30ന് മഹാശിവരാത്രി സമ്മേളനം കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.എന്‍.ബാലഗോപാല്‍ അദ്ധ്യക്ഷത വഹിക്കും. മന്ത്രി വി.ശിവന്‍കുട്ടി മുഖ്യാതിഥിയായിരിക്കും.