കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജില്‍ മരണപ്പെട്ട സിദ്ധാര്‍ത്ഥിന്റെ റിമാന്റ് റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങള്‍ പുറത്ത്. സര്‍വകലാശാല ഹോസ്റ്റലിലെ നിലവിലുള്ള അലിഖിത നിയമം അനുസരിച്ചാണ് സിദ്ധാര്‍ത്ഥന്റെ വിചാരണ നടപ്പാക്കിയതെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. അലിഖിത നിയമമനുസരിച്ച് പെണ്‍കുട്ടിയുടെ പരാതി ഒത്തുതീര്‍പ്പാക്കാന്‍ സിദ്ധാര്‍ത്ഥനെ വിളിച്ചുവരുത്തി. രഹാന്റെ ഫോണില്‍ നിന്ന് സിദ്ധാര്‍ഥനെ വിളിച്ചു വരുത്തിയത് ഡാനിഷ് എന്ന വിദ്യാര്‍ത്ഥിയാണ്. ഹോസ്റ്റലിലെത്തിയ സിദ്ധാര്‍ത്ഥനെ പ്രതികള്‍ ക്രൂരമായി മര്‍ദ്ദിച്ചു.
അതേ സമയം, സംഭവത്തില്‍ കൊലപാതക സാധ്യതയെ പറ്റി അന്വേഷിക്കണമെന്ന് പോലീസ് പറഞ്ഞു. ഹോസ്റ്റലിലെ മറ്റു കുട്ടികളുടെ പൊതു മധ്യത്തില്‍ വിവസ്ത്രനാക്കി സിദ്ധാര്‍ത്ഥിനെ പരസ്യ വിചാരണ നടത്തി. അടിവസ്ത്രം മാത്രമിട്ട് മര്‍ദ്ദിച്ചു. മര്‍ദ്ദനത്തിന് ബെല്‍റ്റും വയറും കേബിളുകളും ഉപയോഗിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു പെണ്‍കുട്ടിയുടെ പരാതി പൊലീസിലേക്ക് പോയാല്‍ വലിയ പ്രശ്നങ്ങളുണ്ടാകും. അതിനാല്‍ പ്രശ്നം ഹോസ്റ്റലില്‍ വെച്ചു ഒത്തുതീര്‍പ്പാക്കാമെന്ന് പറഞ്ഞാണ് വീട്ടിലേക്കു പോയ സിദ്ധാര്‍ത്ഥനെ വിളിച്ചു വരുത്തുന്നത്. രാത്രി ഒമ്പതു മണിക്ക് ആരംഭിച്ച മര്‍ദ്ദനം പുലര്‍ച്ചെ രണ്ടു മണി വരെ നീണ്ടു. ഹോസ്റ്റല്‍ റൂമില്‍ വെച്ചും മര്‍ദ്ദിച്ചു. മാനസികമായും ശാരീരികമായും തളര്‍ന്ന സിദ്ധാര്‍ത്ഥന്‍ മരണമല്ലാതെ വേറെ വഴിയില്ലെന്നായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.