Newsperseconds.com

സഭയോടുള്ള വിയോജിപ്പ് പല തവണയായി ഭാര്യയോട് പറഞ്ഞിരുന്നു; മാര്‍ട്ടിന്റെ ക്രൂരകൃത്യത്തില്‍ ഞെട്ടല്‍ മാറാതെ ഭാര്യ

popo

കൊച്ചി: സഭയോടുള്ള വിദ്വേഷം എങ്ങനെ ഇത്തരമൊരു ക്രൂരകൃത്യത്തിലേക്ക് മാര്‍ട്ടിനെ നയിച്ചു എന്ന ഞെട്ടലിലാണ് മാര്‍ട്ടിന്റെ കുടുംബവും നാട്ടുകാരും. ശാന്ത സ്വഭാവക്കാരനായ മാര്‍ട്ടിനെക്കുറിച്ച് നാട്ടുകാര്‍ക്കോ വീട്ടുകാര്‍ക്കോ ഒരു കുറ്റവും പറയാനില്ല. പാലാരിവട്ടത്തെ ഒരു കേന്ദ്രത്തില്‍ സ്‌പോക്കണ്‍ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്നു മാര്‍ട്ടിന്‍. സഭയോടുള്ള വിയോജിപ്പ് പല തവണയായി ഭാര്യയോട് പറഞ്ഞിരുന്നു. എന്നാല്‍ ഭര്‍ത്താവിന്റെ മനസ്സിലെ ക്രൂരപദ്ധതിയെ പറ്റി ഭാര്യയ്ക്കും ഒരു സൂചനയും കിട്ടിയില്ല. മാര്‍ട്ടിനാണ് ഈ ക്രൂരകൃത്യം ചെയ്തത് എന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു.

കൊച്ചി ചിലവന്നൂരാണ് മാര്‍ട്ടിന്റെ സ്വന്തം നാട്. അഞ്ചര വര്‍ഷമായി തമ്മനത്തെ വാടകവീട്ടിലാണ് താമസം. ആറു വര്‍ഷം മുന്‍പാണ് യഹോവയുടെ സാക്ഷികള്‍ വിശ്വാസസമൂഹത്തോട് ചേര്‍ന്ന് നടന്നയാള്‍ തെറ്റിപിരിയുന്നത്. അന്നു മുതല്‍ യഹോവ സാക്ഷികളോട് അടങ്ങാത്ത എതിര്‍പ്പാണ് മാര്‍ട്ടിനുള്ളത്. യൂട്യൂബില്‍ നോക്കിയാണ് ബോംബ് ഉണ്ടാക്കാന്‍ പഠിച്ചത്. പ്രാര്‍ത്ഥന യോഗത്തില്‍ സ്‌ഫോടനം നടത്താന്‍, ഇയാള്‍ നടത്തിയത് മാസങ്ങളുടെ ആസൂത്രണമെന്നാണ് പൊലീസ് പറയുന്നത്. കൂടുതല്‍ കാര്യങ്ങള്‍ പോലീസ് അന്വേഷിച്ച് വരികയാണ്. പുലര്‍ച്ചെ ഇയാള്‍ വീട്ടില്‍ നിന്ന് ഇറങ്ങി എവിടേക്കാണ് പോയതെന്നും അക്രമം നടന്ന ശേഷം എന്തിന് തൃശൂര്‍ ജില്ലയിലെ കൊടകര സ്റ്റേഷനിലേക്ക് പോയി എന്നതിലടക്കം വ്യക്തത പൊലീസിന് ലഭിക്കാനുണ്ട്.

Share this Article

Leave a Comment