തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തെ തുടര്‍ന്ന് പുറത്തുവരുന്നത് നിര്‍ണായക വിവരങ്ങള്‍. എസ്എഫ്‌ഐ ക്യാമ്പസിലും ഹോസ്റ്റലിലുമായി നടത്തുന്ന അക്രമങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ക്യാമ്പസില്‍ സ്ഥാപിച്ച സിസിടിവി ക്യാമറ എസ്എഫ്‌ഐക്കാര്‍ എടുത്ത് കളഞ്ഞു. ഒന്നാംവര്‍ഷ വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ മുറിയില്‍ ചെഗുവേരയുടെ പടം സ്ഥാപിക്കലും അനുകൂല മുദ്രാവാക്യം വിളിപ്പിക്കുന്നതും പതിവായിരുന്നു. കൂടാതെ ഹോസ്റ്റലില്‍ ഇടിമുറി ഉണ്ടായിരുന്നുവെന്നും പുറത്തുവരുന്നുണ്ട്.
അതേ സമയം, സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി സിന്‍ജോയുമായി ഹോസ്റ്റലില്‍ ഇന്നലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി. ഒരു മണിക്കൂറോളം നീണ്ടുനിന്ന തെളിവെടുപ്പില്‍ ഒരു കൂസലുമില്ലാതെ പതറാതെയാണ് സിന്‍ജോ മറുപടി നല്‍കിയത്. സിദ്ധാര്‍ത്ഥനെ ആക്രമിക്കുന്നതിന് നേതൃത്വം നല്‍കിയത് സിന്‍ജോയാണെന്നാണ് പൊലീസ് കണ്ടെത്തല്‍. സിദ്ധാര്‍ത്ഥനെ ക്രൂരമായി മര്‍ദ്ദിച്ച ഹോസ്റ്റല്‍ നടുമുറ്റം, ഹോസ്റ്റല്‍ മുറി, ഡോര്‍മെറ്ററി എന്നിവിടങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. മര്‍ദ്ദിക്കാന്‍ ഉപയോഗിച്ച വയറും ഗ്ലൂഗണ്ണും കണ്ടെത്തി. ആള്‍ക്കൂട്ട വിചാരണ ചെയ്തതടക്കം എല്ലാം സിന്‍ജോ അന്വേഷണ ഉദ്യോഗസ്ഥനോട് വിശദമാക്കി. സിദ്ധാര്‍ത്ഥ് നേരിട്ടത് അതിഭീകരമായ മര്‍ദ്ദനമെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ അറിയാന്‍ സാധിക്കുന്നത്.
ഹോസ്റ്റലിലെ ഇരുപത്തിയൊന്നാം നമ്പര്‍ മുറിയിലും നടുത്തളത്തിലും ഉള്‍പ്പെടെയാണ് തെളിവെടുപ്പ് നടത്തിയത്. ഈ മുറിയില്‍ താമസിച്ചത് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമല്‍ ഇസ്ഹാന്‍ ആണ്. കല്‍പ്പറ്റ ഡിവൈഎസ്പി പിടിഎന്‍ സജീവന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്. സംഭവ സമയത്ത് സിന്‍ജോ ജോണ്‍സണ്‍ ഉപയോഗിച്ച ചെരിപ്പും കണ്ടെത്തി. പ്രതി ഇത് മുറിയില്‍ ഒളിപ്പിച്ച് വെച്ചതായിരുന്നു. ആദ്യം നടുമുറ്റത്താണ് തെളിവെടുപ്പ് നടത്തിയത്. പിന്നീടാണ് ഇരുപത്തിയൊന്നാം നമ്പര്‍ മുറിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ഗ്ലൂഗണ്‍ കണ്ടെത്തിയത് ഇവിടെ നിന്നാണ്. സിദ്ധാര്‍ത്ഥനെ പരസ്യ വിചാരണ നടത്തിയ ഷട്ടില്‍ കോര്‍ട്ടിലും പ്രതിയുമായെത്തി തെളിവെടുപ്പ് നടത്തി.
സിദ്ധാര്‍ത്ഥനെതിരെ ഒരു പെണ്‍കുട്ടി നല്‍കിയ പരാതിയുണ്ടെന്നും മുന്നോട്ട് പോയാല്‍ പോലീസ് കേസാകുമെന്നും പറഞ്ഞാണ് സിദ്ധാര്‍ത്ഥനെ ഹോസ്റ്റലിലേക്ക് വിളിച്ചുവരുത്തിയത്. ഹോസ്റ്റലിലെ നിലവിലെ അലിഖിത നിയമം അനുസരിച്ച് ഈ പരാതി തീര്‍പ്പാക്കാന്‍ പ്രതികള്‍ ഒരുങ്ങി. കോളേജിലെത്തിയ സിദ്ധാര്‍ത്ഥനെ പ്രതികള്‍ തടവിലാക്കി. രാത്രി ഒമ്പത് മണിമുതല്‍ ക്രൂര മര്‍ദനം തുടങ്ങി. മര്‍ദ്ദനം രണ്ട് മണി വരെ നീണ്ടു. അര്‍ധ നഗ്‌നനാക്കി നാലിടത്ത് വച്ച് മര്‍ദ്ദിച്ചു. പരസ്യവിചാരണ ചെയ്തു. ബെല്‍റ്റ്, വയര്‍, എന്നിവ കൊണ്ട് അടിച്ചു. മുഷ്ടി ചുരുട്ടി മര്‍ദിച്ചു. കാലുകൊണ്ട് ചവിട്ടി. സിദ്ധാര്‍ത്ഥന്റെ മരണം കൊലപാതകമാണെന്ന സാധ്യത കൂടി പോലീസ് പരിശോധിച്ചുവരികയാണ്.