Newsperseconds.com

കാട്ടാന ആക്രമണം; കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ മൃതദേഹവുമായി നടുറോഡില്‍ വന്‍പ്രതിഷേധം

Capture

ഇടുക്കി: കാട്ടാന ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. മൃതദേഹവുമായി കോതമംഗലത്ത് നടുറോഡില്‍ നടക്കുന്ന പ്രതിഷേധത്തില്‍ ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ്, മാത്യു കുഴല്‍നാടന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് എന്നിവരെല്ലാം പങ്കുചേര്‍ന്നിട്ടുണ്ട്.

വനം മന്ത്രി നേരിട്ട് വന്ന് വന്യമൃഗ ശല്യത്തില്‍ ഇനിയൊരു അപകടം ഉണ്ടാവില്ലെന്ന് ഉറപ്പ് നല്‍കണമെന്നാണ് ആവശ്യം. പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. മലയിഞ്ചി പറിക്കുന്നതിനിടെയാണ് കാട്ടാന ആക്രമണത്തില്‍ കാഞ്ഞിരവേലിയില്‍ ഇന്ദിര രാമകൃഷ്ണന്‍ (78) കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. സ്വന്തം കൃഷിയിടത്തില്‍ നിന്ന് മലയിഞ്ചി പറിക്കുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

കഴിഞ്ഞ ദിവസം ഈ പ്രദേശത്ത് കാട്ടുതീ പടര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് കാട്ടാനക്കൂട്ടം ജനവാസമേഖലയില്‍ സജീവമായിരുന്നു. ഇക്കാര്യം നാട്ടുകാര്‍ വനംവകുപ്പിനെ അറിയിച്ചിരുന്നു. എന്നാല്‍ കാട്ടാനക്കൂട്ടത്തെ കാട്ടിലേക്ക് തുരത്താന്‍ വേണ്ട നടപടികള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.അതിനിടെയാണ് ഇന്ന് രാവിലെ ഇന്ദിര രാമകൃഷ്ണന് കാട്ടാനയുടെ ചവിട്ടേറ്റത്. ഉടന്‍ തന്നെ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതേ സമയം, ഇടുക്കിയിലെ വന്യജീവി ആക്രമണങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി സര്‍വ്വകക്ഷി യോഗം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചു. മാര്‍ച്ച് 9-ന് രാവിലെയാണ് യോഗം ചേരുക. പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുന്നത് ഉള്‍പ്പെടെ പ്രശ്‌ന പരിഹാരത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ സര്‍വ്വകക്ഷി യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നതായിരിക്കും.

Share this Article

Leave a Comment