ഇടുക്കി: കാട്ടാന ആക്രമണത്തില്‍ മരണപ്പെട്ട ഇന്ദിരയുടെ മൃതദേഹം സംസ്കരിച്ചു. ചടങ്ങില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പടെ നിരവധി പേരെത്തി. ഇന്ദിരയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം തിങ്കളാഴ്ച രാത്രി തന്നെ കാഞ്ഞിരവേലിയിലെ വീട്ടില്‍ എത്തിച്ചിരുന്നു.
രാവിലെ 10 മണിയോടെ വീട്ടുവളപ്പിലായിരുന്നു സംസ്കാര ചടങ്ങുകള്‍. ഇന്ദിരയെ അക്രമിച്ച പിടികൂടാത്തതിനാല്‍ ഒരു നാടാകെ ഇപ്പോഴും ഭീതിയിലാണ്. വനമേഖലയോട് ചേര്‍ന്നുള്ള വീട്ടിലേക്ക് നൂറു കണക്കിന് ആളുകളാണ് എത്തിയത്. സര്‍ക്കാരിന്റെ ധനസഹായമായ 10 ലക്ഷം രൂപ ഇന്നലെ ഇന്ദിരയുടെ വീട്ടിലെത്തി മന്ത്രി പി രാജീവ് ബന്ധുക്കള്‍ക്ക് കൈമാറിയിരുന്നു. കാട്ടാന ശല്യം പരിഹരിക്കാന്‍ നടപടി ഉണ്ടാകുമെന്ന സര്‍ക്കാര്‍ വാഗ്ദാനത്തില്‍ വിശ്വാസമുണ്ടെന്നാണ് കുടുംബം പ്രതികരിച്ചത്.