ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്റെ മകളുമായ കോണ്‍ഗ്രസ് നേതാവുമായ പദ്മജ വേണുഗോപാല്‍ ഇന്ന് ബിജെപിയില്‍ ചേരും. ദേശീയ നേതൃത്വവുമായി ഇന്ന് ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയതിനു ശേഷമായിരിക്കും ബിജെപി അംഗത്വം സ്വീകരിക്കുക.
അതേ സമയം, പദ്മജ വേണുഗോപാലിന് ഉചിതമായ പദവികള്‍ നല്‍കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. കോണ്‍ഗ്രസില്‍ നിന്ന് നേരിട്ട തുടര്‍ച്ചയായ അവഗണനയാണ് തീരുമാനത്തിന് പിന്നിലെന്നാണ് പത്മജ അറിയിച്ചത്. ബിജെപിയിലേക്ക് മാറാനുള്ള നീക്കങ്ങള്‍ നടന്നത് നരേന്ദ്രമോദിയുടെ അറിവോടെയാണെന്നും റിപ്പോര്‍ട്ടുണ്ട്. ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടിക ഞായറാഴ്ച പുറത്തുവരും.
കോണ്‍ഗ്രസ് തന്നെ അവഗണിച്ചെന്നും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണ റാലിക്കിടെ പ്രിയങ്കാ ഗാന്ധിയുടെ വാഹനത്തില്‍ പദ്മജ കയറുന്നതു ജില്ലാ നേതാക്കള്‍ തടഞ്ഞതോടെയാണു പ്രശ്‌നം തുടങ്ങിയതെന്നും പത്മജ അറിയിച്ചു. കെ.കരുണാകരന്റെ സ്മാരകം നിര്‍മിക്കുന്നതു കോണ്‍ഗ്രസ് നീട്ടിക്കൊണ്ടു പോകുന്നതും പദ്മജയുടെ തീരുമാനത്തെ സ്വാധീനിച്ചതായാണു സൂചന.കൂടാതെ, മൂന്നാം ലോക്‌സഭാ സീറ്റ് ആവശ്യത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ മുസ്ലിംലീഗിന് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തത് പദ്മജയെ വീണ്ടും ചൊടിപ്പിച്ചു.
നേരത്തേ ബിജെപിയിലേക്ക് മാറുമെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നുവെങ്കിലും അതെല്ലാം പത്മജ തള്ളുകയായിരുന്നു. ബിജെപിയിലേക്കു പോകുന്നു എന്നൊരു വാര്‍ത്ത ഏതോ മാധ്യമത്തില്‍ വന്നെന്നു കേട്ടെന്നും എവിടെനിന്നാണ് ഇതു വന്നതെന്ന് അറിയില്ലെന്നുമായിരുന്നു പദ്മജ പറഞ്ഞത്. കൂടാതെ ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്ന് കോണ്‍ഗ്രസ് എന്ന വിവരങ്ങള്‍ മാറ്റി ഇന്ത്യന്‍ പൊളിറ്റിഷന്‍ ഫ്രം കേരളയെന്ന് എഡിറ്റ് ചെയ്യുകയായിരുന്നു.