ഡല്‍ഹി: കെ കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ ഇനി ബിജെപിയില്‍. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് പത്മജ അംഗത്വം സ്വീകരിച്ചത്. പ്രകാശ് ജാവ്ദേക്കറുടെ വീട്ടിലെത്തി ചര്‍ച്ചകള്‍ നടത്തിയശേഷമാണ് പത്മജ പാര്‍ട്ടി ആസ്ഥാനത്തെത്തിയത്.
ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ അടക്കമുള്ള നേതാക്കളുമായി ഇന്നലെ ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇന്ന് പാര്‍ട്ടി അംഗത്വമെടുക്കാന്‍ പത്മജ വേണുഗോപാല്‍ തീരുമാനിച്ചത്. ഒഴിവുള്ള ഗവര്‍ണര്‍ സ്ഥാനം ബിജെപി നേതൃത്വം വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. പത്മജ ബിജെപിയിലേക്ക് പോകുന്നു എന്ന അഭ്യൂഹം ഇന്നലെ രാവിലെ മുതല്‍ പ്രചരിച്ചിരുന്നു. പിന്നീട് അത് അഭ്യൂഹം മാത്രമാണെന്ന് പറഞ്ഞ് അത് പിന്‍വലിക്കുകയായിരുന്നു. അതിനിടയിലാണ് പത്മജ ഇന്ന് ബിജെപി അംഗത്വം സ്വീകരിക്കുമെന്ന വാര്‍ത്ത പുറത്തുവന്നത്.
അതേ സമയം, പദ്മജ വേണുഗോപാലിന് ഉചിതമായ പദവികള്‍ നല്‍കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. കോണ്‍ഗ്രസില്‍ നിന്ന് നേരിട്ട തുടര്‍ച്ചയായ അവഗണനയാണ് തീരുമാനത്തിന് പിന്നിലെന്നാണ് പത്മജ അറിയിച്ചത്. ബിജെപിയിലേക്ക് മാറാനുള്ള നീക്കങ്ങള്‍ നടന്നത് നരേന്ദ്രമോദിയുടെ അറിവോടെയാണെന്നും റിപ്പോര്‍ട്ടുണ്ട്. ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടിക ഞായറാഴ്ച പുറത്തുവരും.
കോണ്‍ഗ്രസ് തന്നെ അവഗണിച്ചെന്നും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണ റാലിക്കിടെ പ്രിയങ്കാ ഗാന്ധിയുടെ വാഹനത്തില്‍ പദ്മജ കയറുന്നതു ജില്ലാ നേതാക്കള്‍ തടഞ്ഞതോടെയാണു പ്രശ്നം തുടങ്ങിയതെന്നും പത്മജ അറിയിച്ചു. കെ.കരുണാകരന്റെ സ്മാരകം നിര്‍മിക്കുന്നതു കോണ്‍ഗ്രസ് നീട്ടിക്കൊണ്ടു പോകുന്നതും പദ്മജയുടെ തീരുമാനത്തെ സ്വാധീനിച്ചതായാണു സൂചന.