കട്ടപ്പന: കട്ടപ്പനയില്‍ പിതാവിനേയും നവജാതശിശുവിനേയും കൊന്നുകുഴിച്ചുമൂടിയെന്ന സംശയത്തില്‍ ഇന്ന് പോലീസ് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കും. ഇരട്ടക്കൊലപാതകം നടന്നെന്ന് സംശയിക്കുന്ന വീട്ടിലെ തറപൊളിച്ച് പരിശോധിക്കാനാണ് പോലീസ് നീക്കം. നിലവില്‍ റിമാന്‍ഡിലുള്ള പ്രതി നിതീഷിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ ഇന്ന് അപേക്ഷ നല്‍കും. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള വിഷ്ണുവിനെയും കസ്റ്റഡിയില്‍ വാങ്ങും. പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ചായിരിക്കും പരിശോധന നടത്തുക
നിതീഷിനെ കസ്റ്റഡിയില്‍ കിട്ടിയാല്‍ മൃതദേഹം മറവു ചെയ്തിട്ടുണ്ട് എന്ന് സംശയിക്കുന്ന കക്കാട്ടുകടയിലെ വീടിന്റെ തറ മാന്തി ആയിരിക്കും പരിശോധന. നവജാത ശിശുവിനെ കൊന്ന് മറവു ചെയ്‌തെന്ന് സംശയിക്കുന്ന കട്ടപ്പന സാഗര ജംഗ്ഷനിലെ വീട്ടിലും പരിശോധന നടത്തും. വന്‍ പൊലീസ് സന്നാഹമാണ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്. ഇന്ന് തന്നെ തറപൊളിച്ച് പരിശോധിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.
വര്‍ക് ഷോപ്പില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്. വീട്ടില്‍ തൊണ്ടിമുതല്‍ ഒളിപ്പിച്ചിട്ടുണ്ടോ എന്നറിയാന്‍ പൊലീസ് വീട്ടില്‍ എത്തുകയായിരുന്നു. തുടര്‍ന്നാണ് പൂട്ടിയിട്ട നിലയില്‍ വിഷ്ണുവിന്റെ അമ്മയേയും സഹോദരിയേയും കണ്ടെത്തിയത്. ഇവരില്‍ നിന്നാണ് കൊലപാതക വിവരം ലഭിക്കുന്നത്. സഹോദരിയ്ക്ക് നിതീഷിലുണ്ടായ കുഞ്ഞാണ് കൊലചെയ്യപ്പെട്ടത്. 2016ലാണ് സംഭവമുണ്ടായത്. വിഷ്ണുവിന്റെ അച്ഛനെ എട്ട് മാസം മുന്‍പ് കാണാതായിട്ടുണ്ട്. അച്ഛനെ ഇരുവരും ചേര്‍ന്ന് വീടിനുള്ളില്‍ കുഴിച്ചുമൂടിയതെന്നാണ് പോലീസിന് ലഭിച്ച വിവരം. അന്വേഷണം പുരോഗമിക്കുകയാണ്.