മലപ്പുറം: പാണ്ടിക്കാട് പൊലീസ് സ്റ്റേഷനില്‍ ചോദ്യംചെയ്യലിനെത്തിയ യുവാവ് മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പന്തല്ലൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനാണ് മൊയ്തീന്‍കുട്ടിയെ വിളിച്ചുവരുത്തിയത്. അവിടെ വച്ച് കുഴഞ്ഞുവീണതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നാണ് യുവാവിന്റെ മരണമെന്നായിരുന്നു ബന്ധുക്കളുടെ പരാതി.
ചോദ്യം ചെയ്യുന്നതിനാണ് മൊയ്തീന്‍ കുട്ടി അടക്കം ഏഴ് പേരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. നിലവില്‍ അസ്വാഭാവിക മരണത്തിന് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണവും കലക്റ്ററുടെ നേതൃത്വത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണവും നടക്കും. അന്വേഷണത്തിന്റെ ഭാഗമായി ബന്ധുക്കളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും, മരിച്ച മൊയ്തീന്‍ കുട്ടിയെ ചികില്‍സിച്ച ഡോക്ടര്‍മാരുടെയും മൊഴി എടുക്കാനാണ് ക്രൈം ബ്രാഞ്ച് തീരുമാനം. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം പരിശോധിക്കും.