പത്തനംതിട്ടയില്‍ ബിജെപിയുടെ പ്രചരണപരിപാടികള്‍ക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വന്‍ജനക്കൂട്ടമാണ് മോദിയെ കാണാന്‍ വന്‍ജനാവലിയാണ് പരിപാടിക്കെത്തിയത്. ഇത്തവണ സംസ്ഥാനത്ത് താമര വിരിയുമെന്നും രണ്ടക്ക സീറ്റുകള്‍ കേരളത്തില്‍ നിന്ന് എന്‍ഡിഎയ്ക്ക് ലഭിക്കുമെന്നും പത്തനംതിട്ടയിലെ പ്രചാരണ പരിപാടിയില്‍ മോദി പറഞ്ഞു. സ്വാമിയേ ശരണം അയ്യപ്പാ എന്ന് പറഞ്ഞാണ് മോദി പ്രസംഗം തുടങ്ങിയത്. പത്തനംതിട്ടയിലെ എന്റെ സഹോദരി സഹോദരന്‍മാര്‍ക്കും നമസ്‌കാരം എന്നു മലയാളത്തില്‍ പറഞ്ഞതോടെ സദസ് നിറഞ്ഞ കൈയടിയോടെയാണ് മോദിയെ വരവേറ്റത്. ഇത്തവണ നാന്നൂറിലധികം സീറ്റുകള്‍ നേടി എന്‍ഡിഎ അധികാരത്തിലെത്തും. ബിജെപി ഇവിടെ യുവാക്കളുടെ ഊര്‍ജത്തെ പ്രോത്സാഹിപ്പിക്കുകയാണ്. ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ കെ ആന്റണി നിങ്ങളെ സേവിക്കാനുള്ള ആവേശത്തിലാണ്. അത്തരമൊരു പുതുമയാണ് കേരള രാഷ്ട്രീയത്തിന് വേണ്ടതെന്നും മോദി പറഞ്ഞു.
ക്യാമ്പസുകളിലെ കമ്മ്യൂണിസ്റ്റ് ഗുണ്ടകളുടെ കൂടാരത്തെക്കുറിച്ച് പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. കേരളത്തില്‍ സ്ത്രീകളും യുവാക്കളും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ഭയത്തോടെയാണ് ജീവിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാരില്‍ ഇരിക്കുന്ന ആളുകള്‍ സമാധാനത്തോടെ ഉറങ്ങുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിലേത് അഴിമതി നിറഞ്ഞ സര്‍ക്കാരുകളാണ് മാറി മാറിവരുന്നത്. അതുമൂലം ജനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം വലുതാണെന്നും മോദി പറഞ്ഞു. സംസ്ഥാനത്ത് ക്രിസ്ത്യന്‍ പുരോഹിതന്‍മാര്‍ പോലും മര്‍ദനത്തിന് ഇരയാകുന്നു. ഇവിടെ മാറ്റം അനിവാര്യമാണ്. എല്‍ഡിഎഫ്- യുഡിഎഫ് എന്നത് മാറിയാല്‍ മാത്രമേ കേരളത്തിന് മോചനം ഉണ്ടാകുകയുള്ളുവെന്ന് മോദി പറഞ്ഞു.
കേരളത്തിലെ സര്‍ക്കാരിന്റെ മൂര്‍ച്ചയേറിയ യാഥാര്‍ത്ഥ്യങ്ങള്‍ നരേന്ദ്രമോദി പത്തനംതിട്ടയില്‍ തുറന്നടിച്ചു. കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും പ്രത്യക്ഷത്തില്‍ സംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്നുവെങ്കിലും ഡല്‍ഹിയില്‍ ഇവര്‍ ഒന്നിക്കുന്നു. ഇടതുപക്ഷ സര്‍ക്കാരിനെ ഫാസിസ്റ്റ് എന്ന് മുദ്രകുത്തുകയാണ് കോണ്‍ഗ്രസ്, അതേസമയം കമ്മ്യൂണിസ്റ്റുകള്‍ കോണ്‍ഗ്രസിനെ അഴിമതിയുടെ പേരില്‍ വിമര്‍ശിക്കുന്നു. എന്നിട്ടും അവര്‍ ഡല്‍ഹിയിലെത്തിയാല്‍ സഖ്യമുണ്ടാക്കുന്നു. ഡല്‍ഹിയിലെത്തിയാല്‍ അവര്‍ ഒന്നാണ്. രണ്ടു പാര്‍ട്ടികളും കേരളത്തെ വന്‍തോതില്‍ വഞ്ചിച്ചു. ഈ വഞ്ചനയാണ് കേരള ജനത ഇപ്പോള്‍ കണ്ടത്.
തമിഴ്നാട്ടില്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പട്ടതോടെ പിന്നീട് തിരിച്ചുവരാന്‍ ആയിട്ടില്ല. അതുപോലെ, യുപിയിലും ഗുജറാത്തിലും ബിഹാറിലും കോണ്‍ഗ്രസ് നാല് പതിറ്റാണ്ടിനിടെ തെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടില്ലെന്ന് ചരിത്രത്തില്‍ നിന്നുള്ള അത്തരം സാഹചര്യങ്ങളെ പ്രധാനമന്ത്രി ജനക്കൂട്ടത്തെ ഓര്‍മ്മിപ്പിച്ചു. ഒഡീഷയില്‍ മൂന്ന് പതിറ്റാണ്ടായി കോണ്‍ഗ്രസ് അധികാരത്തിന് പുറത്താണ്. രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഒരു കോണ്‍ഗ്രസ് എംപി പോലുമില്ല. ത്രിപുരയിലും ബംഗാളിലും ഇടത് പാര്‍ട്ടികളെ ജനങ്ങള്‍ ഭരണത്തില്‍ നിന്നും അധികാരത്തില്‍ നിന്നും അകറ്റി നിര്‍ത്തി. ഈ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ കോണ്‍ഗ്രസിനെയോ ഇടതുപക്ഷത്തെയോ വിശ്വസിച്ച വര്‍ഷങ്ങളോളം തങ്ങളുടെ സംസ്ഥാനങ്ങള്‍ നഷ്ടത്തിലാണെന്ന് മനസ്സിലാക്കുന്നു. കാലഹരണപ്പെട്ട ആശയം വച്ച് മുന്നോട്ടുനയിക്കുന്ന പാര്‍ട്ടികളാണ് കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ട്ടിയുമെന്ന് മോദി പറഞ്ഞു. ചടങ്ങിലെ തന്റെ ഹൃദയംഗമമായ സമാപന പ്രസംഗത്തില്‍, കേരളത്തിലും ഇവിടുത്തെ ജനങ്ങളിലുമുള്ള തന്റെ വിശ്വാസവും തന്നോടുള്ള അവരുടെ സ്‌നേഹവും വാത്സല്യവും പ്രധാനമന്ത്രി മോദി ആവര്‍ത്തിച്ചു.