തിരുവനന്തപുരം: വിഴിഞ്ഞത്ത് ടിപ്പറില്‍ നിന്നും കല്ല് തെറിച്ചുവീണ് മരിച്ച വിദ്യാര്‍ത്ഥിയുടെ സംസ്കാരം നടന്നു. കോളേജിലെ പൊതുദര്‍ശനത്തിന് ശേഷമാണ് മൃതദേഹം വീട്ടില്‍ എത്തിച്ചത്. കഴിഞ്ഞ ദിവസം അദാനി തുറമുഖത്തേയ്ക്ക് കല്ലുകൊണ്ടുവന്ന ടിപ്പറില്‍ നിന്ന് കല്ല് തെറിച്ച് വീണാണ് അപകടം ഉണ്ടായത്. വിഴിഞ്ഞം മുക്കോല സ്വദേശിയും ബിഡിഎസ് വിദ്യാര്‍ത്ഥിയുമായ അനന്തു നിംസ് കോളേജ് നാലാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു.
അതേ സമയം, അനന്തുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് തുറമുഖത്തിനകത്തേക്കുള്ള പാതയില്‍ കയറുകെട്ടി ഗതാഗതം താത്കാലികമായി നിരോധിച്ചിരിക്കുകയാണ്. വിഴിഞ്ഞം ഇന്റര്‍നാഷ്നല്‍ പോര്‍ട്ട് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ എന്ന സംഘടനയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രതിഷേധ ധര്‍ണ നടത്തിക്കൊണ്ടിരിക്കുകയാണ്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. സുരക്ഷാ വീഴ്ച പരിശോധിച്ച് 10 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമന്നാണ് ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും നിര്‍ദേശം നല്‍കിയത്.