തിരുവനന്തപുരം: ഡോ. ആര്‍എല്‍വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമര്‍ശത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. ത്യശൂര്‍ ജില്ലാ പോലീസ് മേധാവിയും സാംസ്‌കാരിക വകുപ്പ് ഗവണ്‍മെന്റ് സെക്രട്ടറിയും പരാമര്‍ശം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.
നിറത്തിന്റെയും സൗന്ദര്യത്തിന്റെയും പേരില്‍ രാമകൃഷ്ണനതിരെ നടത്തിയ പരാമര്‍ശം ഒരു ദിവസം കൊണ്ട് വന്‍വിവാദമാണ് സൃഷ്ടിച്ചത്. ചാനലുകളിലും സാമൂഹ്യമാധ്യമങ്ങളിലും സത്യഭാമക്കെതിരെ നിരവധി വിമര്‍ശനങ്ങളാണ് വന്നത്. എന്നിട്ടും നിലപാടില്‍ ഉറച്ച് കൂടുതല്‍ അധിക്ഷേപ പരാമര്‍ശം നടത്തുകയായിരുന്നു.
പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില്‍ സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം. ചിലരുണ്ട്, കാക്കയുടെ നിറമാണ്. മോഹിനിയാട്ടത്തിന് കൊള്ളില്ല. പെറ്റതള്ള പോലും കണ്ടാല്‍ സഹിക്കില്ലെന്നായിരുന്നു സത്യഭാമയുടെ പരാമര്‍ശം.