കോട്ടയം: പതിനഞ്ചുകാരിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ്. കോട്ടയം അഡീഷണല്‍ ജില്ലാകോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതി മണര്‍കാട് മാലം സ്വദേശി അജേഷിനെയാണ് ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ചത്. 15 വയസ്സുകാരിയെ പീഡിപ്പിച്ചതിന് ശേഷം കൊലപ്പെടുത്തി രാത്രി വരെ കട്ടിലിന് അടിയില്‍ സൂക്ഷിക്കുകയും പിന്നീട് കുട്ടിയെ വലിച്ചിഴച്ച് വീട്ടുവളപ്പില്‍ സൂക്ഷിക്കുകയും ചെയ്യുകയായിരുന്നു. പോക്‌സോ കേസുകള്‍ പരിഗണിക്കുന്ന അഡീഷണല്‍ ജില്ലാ കോടതി ജഡ്ജി സാനു എസ് പണിക്കര്‍ ആണ് വിധി പറഞ്ഞത്.
2019 ജനുവരി 19നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുട്ടിയുമായി സൗഹൃദം നടിക്കുകയും ഇഷ്ടിക കമ്പനിയുടെ മുറിയില്‍ വെച്ച് പീഡിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് ബോധരഹിതയായ കുട്ടിയെ ഷോള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. പോക്‌സോ കേസിലെ അധിക തടവും ജീവപരന്ത്യവുമുള്‍പ്പെടെ മുപ്പത്തിയഞ്ചര വര്‍ഷത്തേക്കാണ് ശിക്ഷ വിധിച്ചത്. ശിക്ഷയ്ക്ക് പുറമെ പ്രതി രണ്ടര ലക്ഷം രൂപ പിഴയും അടയ്ക്കണം.