തിരുവനന്തപുരം: യേശുദേവന്റെ ഉയിര്‍ത്തെഴുനേല്‍പ്പിന്റ ഓര്‍മ്മ പുതുക്കി പ്രത്യാശയുടെ നിറവില്‍ ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും നടന്നു. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ മാര്‍പ്പാപ്പ ഉയിര്‍പ്പ് പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. ഗാഗുല്‍ത്താമലയില്‍ കുരിശുമരണം വരിച്ച യേശുദേവന്‍ മൂന്നാംനാള്‍ ഉയര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ പുതുക്കലാണ് ഈസ്റ്റര്‍.
ദുഃഖവെള്ളി ആചരണത്തിന്റെ ഭാഗമായി വിവിധ മലകളിലേക്കും കുരിശടികളിലേക്കും ‘കുരിശിന്റെ വഴി’യും നടന്നു. യാക്കോബായ, ഓര്‍ത്തഡോക്‌സ് പള്ളികളില്‍ ഇന്നലെ വൈകീട്ട് ശുശ്രൂഷകള്‍ നടന്നു. സിറോ മലബാര്‍ സഭയുടെ ഭൂരിഭാഗം പള്ളികളിലും ഇന്നു പുലര്‍ച്ചെ മുതല്‍ ഈസ്റ്റര്‍ ആഘോഷങ്ങള്‍ തുടങ്ങി. കോതമംഗലം രൂപതക്ക് കീഴിലെ ആരക്കുഴ സെന്റ് മേരീസ് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ ദൈവാലയത്തില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി.
തിരുവനന്തപുരം പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ നടന്ന ഉയിര്‍പ്പ് ശുശ്രൂഷകള്‍ക്ക് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ കാര്‍മികത്വം വഹിച്ചു. നിരവധി വിശ്വാസികളാണ് വിവിധ ശുശ്രൂഷകളിലും വിശുദ്ധ കുര്‍ബാനയിലും പങ്കെടുത്തത്.