Newsperseconds.com

അനൂജയുടെ മരണത്തില്‍ കൂടുതല്‍ ദുരൂഹത; രണ്ട് പേരുടേയും ഫോണ്‍ പരിശോധിക്കും; കാര്‍ നിയന്ത്രണം വിട്ട് പോകുന്നത് കണ്ടിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍

Capture

പത്തനംതിട്ട: പാട്ടാഴിമുക്കില്‍ കാര്‍ ലോറിയിലിടിച്ച് അധ്യാപികയും യുവാവും മരണപ്പെട്ട സംഭവത്തില്‍ കൂടുതല്‍ ദുരൂഹതകള്‍. കാര്‍ മനപൂര്‍വം ലോറിയിയലേക്ക് ഇടിച്ചു കയറ്റിയതാണെന്ന് പോലീസ് നിഗമനം. അനൂജയെ കൊല്ലാന്‍ വേണ്ടി ഹാഷിം അപകടം ബോധപൂര്‍വ്വം സൃഷ്ടിച്ചതാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കാര്‍ അമിത വേഗത്തില്‍ ദിശതെറ്റി വന്ന് കണ്ടെയ്നര്‍ ലോറിയില്‍ ഇടിയ്ക്കുകയായിരുന്നുവെന്ന് ലോറി ഡ്രൈവര്‍ റംസാന്‍ മൊഴി നല്‍കിയിരുന്നു. കാറിനുള്ളില്‍ ഹാഷിമും അനുജയും തമ്മില്‍ വാക്ക് തര്‍ക്കവും മര്‍ദ്ദനത്തിനുള്ള ശ്രമവും നടന്നതായും പോലീസിന് സംശയമുണ്ട്. ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ വാതിലുകള്‍ രണ്ട് തവണ തുറന്ന് അടയുകയും ചെയ്തതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ഏഴംകുളം പട്ടാഴിമുക്കില്‍ വ്യാഴാഴ്ച രാത്രിയിലുണ്ടായ അപകടത്തിലാണ് തുമ്പമണ്‍ നോര്‍ത്ത് ഹയര്‍ സെക്കന്‍ഡറി അധ്യാപിക നൂറനാട് മറ്റപ്പള്ളി സുശീന്ദ്രം വീട്ടില്‍ അനുജ രവീന്ദ്രന്‍(37), സ്വകാര്യ ബസ് ഡ്രൈവര്‍ ചാരുംമൂട് ഹാഷിം വില്ലയില്‍ ഹാഷിം (31) എന്നിവര്‍ മരിച്ചത്. അനൂജയുമായി ഹാഷിം പരിചയത്തിലാവുന്നത് സ്ഥിരം യാത്ര ചെയ്യുന്ന ബസ്സില്‍ വെച്ചാണ്. പന്തളംപത്തനംതിട്ട വഴി ഓടുന്ന ബസിലാണ് ഹാഷിം ആദ്യം ജോലി ചെയ്തിരുന്നത്. ഈ ബസിലാണ് അനുജ യാത്ര ചെയ്തിരുന്നത്. ഇവരുടെ അടുപ്പത്തെപ്പറ്റി ബന്ധുക്കള്‍ക്കോ സഹപ്രവര്‍ത്തകര്‍ക്കോ ഒരു വിവരവുമില്ല. എന്നാല്‍ ഇവരുടെ അടുപ്പത്തെപ്പറ്റി ഈ അടുത്താണ് ഭര്‍ത്താവിന് വിവരം ലഭിക്കുന്നത്.

കായംകുളത്ത് ഭര്‍ത്താവ് പണികഴിപ്പിച്ച വീട്ടിലേക്ക് മാറിതാമസിക്കാനുള്ള അനുജയുടെ തീരുമാനം ഹാഷിമിനെ ചൊടിപ്പിച്ചതാവും കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം. അനൂജ കൈവിട്ടു പോകുമെന്ന തോന്നലാണ് ഹാഷിമിനെ ഈ ക്രൂരകൃത്യത്തിലേക്ക് നയിച്ചത്. സ്‌കൂളില്‍ നിന്ന് വിനോദയാത്ര കഴിഞ്ഞ് മടങ്ങവെ അനുജയെ ബസ്സില്‍ നിന്ന് കാറിലേക്ക് ഹാഷിം നിര്‍ബന്ധപൂര്‍വ്വം വിളിച്ചിറക്കി കയറ്റുകയായിരുന്നു. ബസ്സില്‍ നിന്നിറങ്ങാന്‍ അനുജ ആദ്യം തയ്യാറായില്ല. തുടര്‍ന്ന് അനുജ ഇരുന്ന സീറ്റിന്റെ ഭാഗത്തേക്കു ഹാഷിം വന്നതോടെ, സഹോദരനാണെന്ന് പറഞ്ഞാണ് ഒപ്പം പോയതെന്ന് സഹഅധ്യാപകര്‍ മൊഴി നല്‍കിയിരുന്നു. കുറച്ച് കഴിഞ്ഞ് അനൂജയെ സഹപ്രവര്‍ത്തകര്‍ വിളിച്ചപ്പോള്‍ അനൂജ കരയുകയായിരുന്നു. എന്നാല്‍ പിന്നീട് തിരിച്ചുവിളിച്ചു. കുഴപ്പമൊന്നുമില്ല, കുടുംബപ്രശ്‌നങ്ങളാണെന്നും അനുജ പറഞ്ഞു. ഇതേത്തുടര്‍ന്ന് അധ്യാപകര്‍ അനുജയുടെ ബന്ധുക്കളെ വിളിച്ചതോടെയാണ് അങ്ങനെയൊരു അനുജനില്ലെന്നും വിളിച്ചുകൊണ്ടുപോയതില്‍ ദുരൂഹതയുണ്ടെന്നും മറ്റുള്ളവര്‍ അറിയുന്നത്. പിന്നാലെയാണ് അപകടവാര്‍ത്ത പുറത്തുവന്നത്.

Share this Article

Leave a Comment