തിരുവനന്തപുരം: അരുണാചലിലെ ഹോട്ടലില്‍ മരണപ്പെട്ട ദമ്പതികളും യുവതിയും അന്യഗ്രഹ ജീവിതത്തെ കുറിച്ച് അന്വേഷിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നുവെന്ന് പോലീസ്. മരണാനന്തര ജീവിതത്തെ കുറിച്ചുള്ള സന്ദേശങ്ങള്‍ എത്തിയിരുന്നത് ഡോണ്‍ ബോസ്‌ക്കോയുടെ പേരില്‍ തയ്യാറാക്കിയ വ്യാജ ഇ-മെയില്‍ ഐഡിയില്‍ നിന്നാണെന്നുള്ളത് പോലീസ് കണ്ടെത്തി. ഡിജിറ്റല്‍ തെളിവുകള്‍ക്ക് ഇട നല്‍കാത്ത വിധം ആസൂത്രിതമായിട്ടായിരുന്നു നവീന്‍ ഓരോ നീക്കങ്ങളും നടത്തിയത്. കൂടാതെ, ആര്യയുടെ ലാപ്‌ടോപ്പില്‍ നിന്നും വിചിത്ര വിശ്വാസങ്ങളുടെ രേഖകള്‍ പൊലീസ് കണ്ടെത്തി.
ഭൂമി അധികനാള്‍ നിലനില്‍ക്കില്ലെന്നും 90% മനുഷ്യരെയും മൃഗങ്ങളെയും മറ്റ് ഗ്രഹങ്ങളിലേക്ക് കൊണ്ടുപോകുമെന്നും ഇവര്‍ വിശ്വസിച്ചു. മറ്റൊരു ഗ്രഹത്തില്‍ എത്തിയാല്‍ ഭൂമിയിലേതിനേക്കാള്‍ മികച്ച ജീവിതം സാധ്യമാകുമെന്നും മനുഷ്യരേക്കാള്‍ പതിന്മടങ്ങ് ബുദ്ധിശക്തിയുണ്ടാകുമെന്നുമാണ് ഇവര്‍ വിശ്വസിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. ആര്യ സുഹൃത്തുക്കള്‍ക്ക് മൂന്ന് വര്‍ഷം മുമ്പ് പങ്കുവച്ച ഒരു ഇ-മെയില്‍ സന്ദേശത്തില്‍ അന്യഗ്രഹ ജീവിത്തെ കുറിച്ചാണ് പറഞ്ഞിരുന്നത്. ചില കോഡുകളും അതില്‍ ഉണ്ടായിരുന്നു. 466 പേജ് ഉള്ള രേഖയുടെ പകര്‍പ്പ് പൊലീസ് പുറത്തുവിട്ടു.
സ്‌പേസ്ഷിപ്പുകളെ കുറിച്ചുള്ള ചിത്രങ്ങളടക്കം സൂക്ഷിച്ചിട്ടുള്ള ലാപ്‌ടോപ്പില്‍ ഭൂമിയിലെ മനുഷ്യരെയും മൃഗങ്ങളെയും മറ്റ് ഗ്രഹങ്ങളിലേക്ക് കൊണ്ടു പോകാം എന്നതിനുള്ള വിചിത്ര രേഖകളുണ്ട്. ദിനോസറുകള്‍ക്ക് വംശ നാശം സംഭവിച്ചിട്ടില്ലന്നും അവയെ മറ്റൊരു ഗ്രഹത്തിലേക്ക് മാറ്റിയെന്നുമാണ് ഈ രേഖകളില്‍ പറയുന്നത്. ദിനോസറുകളെക്കുറിച്ച് മുതല്‍ മനുഷ്യഭാവിയെക്കുറിച്ച് വരെ രേഖയില്‍ ഉണ്ട്. ഇ-മെയിലിന്റെ സഹായത്തോടെ ഉറവിടം കണ്ടെത്താനുളള ശ്രമത്തിലാണ് പൊലീസ്. നവീന്‍, ഭാര്യ ദേവി, സുഹൃത്തായ ആര്യ എന്നിവരാണ് മരിച്ചത്. എല്ലാത്തിനും നേതൃത്വം നല്‍കിയത് നവീനെന്ന നിഗമനത്തിലാണ് പൊലീസ്. ആദ്യം ഇത്തരം ആശയങ്ങളില് ആകൃഷ്ടനായത് നവീനാണെന്നാണ് പൊലീസിന്റെ നിഗമനം. പിന്നീട് ഭാര്യ ദേവിയേയും സുഹൃത്ത് ആര്യയേയും നവീന്‍ ഇതിലേക്ക് എത്തിക്കുകയായിരുന്നു.