പത്തനംതിട്ട: പാനൂരില്‍ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ഷിറിലിന്റെ വീട് സിപിഎം നേതാക്കള്‍ സന്ദര്‍ശിച്ചതില്‍ പ്രതികരണമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മരണ വീട് സന്ദര്‍ശിച്ചത് സാമൂഹിക ജീവിതത്തിന്റെ ഭാഗമാണെന്നും അതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. സന്ദര്‍ശനം മനുഷ്യത്വപരമായ സമീപനം മാത്രമാണ്. കുറ്റത്തോട് ഒരു മൃദുസമീപനവുമില്ലെന്ന് മുഖ്യമന്ത്രി അടൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പാനൂരെ സംഭവം സാധാരണ നിലയില്‍ അംഗീകരിക്കാന്‍ പറ്റാത്ത കാര്യമാണ്. നമ്മുടെ നാട്ടില്‍ ബോംബ് നിര്‍മ്മിക്കേണ്ട യാതൊരു ആവശ്യവുമില്ല. നിയമപരമായ നടപടികള്‍ ഇതില്‍ സ്വീകരിക്കും. അതിശക്തമായ നടപടികള്‍ ഉണ്ടാകും. രാഷ്ട്രീയമായി അതിനെ കാണേണ്ടതില്ല. തെറ്റാണ് ചെയ്തിരിക്കുന്നത്. ആ തെറ്റു ചെയ്തവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.