കണ്ണൂര്‍: പാനൂരിലെ സ്‌ഫോടനക്കേസില്‍ അറസ്റ്റിലായവരില്‍ ഡിവൈഎഫ്‌ഐ ഭാരവാഹികളുമുണ്ടെന്ന് സമ്മതിച്ച് നേതൃത്വം. അമല്‍ ബാബു, സായൂജ്, അതുല്‍ എന്നിവര്‍ പ്രാദേശിക യൂണിറ്റ് ഭാരവാഹികളാണ്. തെറ്റുകാരെന്ന് തെളിഞ്ഞാല്‍ ഇവരെ ഡിവൈഎഫ്‌ഐ സംരക്ഷിക്കില്ല. അതേ സമയം ഇവര്‍ സംഭവം അറിഞ്ഞ് ഓടികൂടിയവരാകാമെന്നും പങ്കുണ്ടെങ്കില്‍ തീര്‍ച്ചയായും നടപടി എടുക്കുമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു.
സ്‌ഫോടനത്തില്‍ ഡിവൈഎഫ്‌ഐക്ക് യാതൊരു വിധ പങ്കുമില്ല. തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ വ്യാപകമായി ഡിവൈഎഫ്‌ഐ ബോംബുണ്ടാക്കുന്ന സംഘടനയാണെന്ന് പ്രചരിപ്പിക്കുന്നുണ്ട്. അവിടെ അങ്ങനെയൊരു സംഭവം നടന്നപ്പോള്‍ ധാരാളം ആളുകളെത്തിയിരുന്നു. ആ കൂട്ടത്തില്‍ ഡിവൈഎഫ്‌ഐയുടെ പ്രാദേശിക നേതൃ നിരയിലുളളവരുമെത്തി. അവര്‍ക്ക് ബോംബ് നിര്‍മ്മാണത്തില്‍ പങ്കുണ്ടെങ്കില്‍ അംഗീകരിക്കില്ല. തീര്‍ച്ചയായും നടപടിയെടുക്കുമെന്നും വി കെ സനോജ് കുറ്റപ്പെടുത്തി.