Newsperseconds.com

ഇന്ന് ചെറിയ പെരുന്നാള്‍; ആത്മവിശുദ്ധിയുടെ നിറവില്‍ വിശ്വാസികള്‍; ഗള്‍ഫ്‌നാടുകളും ആഘോഷങ്ങളില്‍

Capture

സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍. മൈലാഞ്ചി ചുവപ്പും ബിരിയാണിയും പുത്തന്‍ വസ്ത്രവുമായി ഒത്തുചേരലിന്റെ മറ്റൊരു ചെറിയ പെരുന്നാള്‍ കൂടിയെത്തി. പുതുവസ്ത്രങ്ങളണിഞ്ഞ് കുട്ടികളും മുതിര്‍ന്നവരുമെല്ലാം ഈദ്ഗാഹുകളില്‍ ഒത്തുച്ചേര്‍ന്നു. പെരുന്നാള്‍ നമസ്‌ക്കാരത്തിനായി ഈദ് ഗാഹുകളിലും മസ്ജിദുകളിലും പതിനായിരങ്ങള്‍ ഒത്തുകൂടി. 29 ദിവസത്തെ വ്രതാനുഷ്ഠാനം പൂര്‍ത്തിയാക്കിയാണ് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. ആത്മവിശുദ്ധി നേടിയതിന്റെ സംതൃപ്തിയോടെയാണ് ഓരോ വിശ്വാസിയും പെരുന്നാളിനെ വരവേറ്റത്. യുഎഇ, കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളിലും ഇന്നാണു പെരുന്നാള്‍.

സ്‌നേഹിക്കുകയും സ്‌നേഹിക്കപ്പെടുകയുമെന്ന സാര്‍വലൗകികമായ നന്മയെയാണ് ഈദുല്‍ഫിത്തര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്.എല്ലാവരെയും ചേര്‍ത്തുനിര്‍ത്തുകയെന്നതാണ് പെരുന്നാള്‍ നല്‍കുന്ന സന്ദേശം. ആത്മവിശുദ്ധിയുടേയും സ്‌നേഹത്തിന്റേയും നിറവില്‍ വിശ്വാസികള്‍ ഈദ് ആഘോഷം തുടരുകയാണ്. പുത്തന്‍ വസ്ത്രങ്ങള്‍ ധരിച്ച് സ്‌നേഹം പങ്കിട്ടാണ് എല്ലാവരുടെയും പെരുന്നാള്‍ ആഘോഷം. മധുരവും വിഭവ സമൃദ്ധമായ ഭക്ഷണവും ഒരുക്കി പെരുന്നാള്‍ കൂടിച്ചേരലിന്റെ സന്ദേശം പകരുന്നു.

വര്‍ത്തമാനകാലത്ത് എല്ലായിടത്തും മനുഷ്യത്വത്തിന്റെ വില നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. നമുക്കുചുറ്റിലും പട്ടിണിയും പരിവട്ടവും വര്‍ധിച്ചുകൊണ്ടിരിക്കുമ്പോഴും പലര്‍ക്കും അത് തിരിച്ചറിയാനാകുന്നില്ല. ദൈവം ചൊരിയുന്ന അനുഗ്രഹങ്ങള്‍ നമ്മള്‍ മറ്റുള്ളവനുകൂടി പകര്‍ന്നുനല്‍കണമെന്ന സന്ദേശമാണ് ഈദ്. മനുഷ്യമനസ്സുകള്‍ക്കിടയില്‍ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഊഷ്മളബന്ധം ശക്തിപ്പെടുത്താന്‍ വേണ്ടിയുള്ള ദിനം കൂടിയാണ് ഈദുല്‍ഫിത്തര്‍. എല്ലാ വായനക്കാര്‍ക്കും ന്യൂസ് പെര്‍ സെക്കന്റ്‌സിന്റെ ഈദ് ആശംസകള്‍.

Share this Article

Leave a Comment