എംകെ രാഘവന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസ് നേതാവ് ഷമാ മുഹമ്മദ് നടത്തിയ വിദ്വേഷ പ്രസംഗത്തിന് കേസെടുത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ്. ബിജെപി വീണ്ടും അധികാരത്തില്‍ വന്നാല്‍ മുസ്ലീം പള്ളികളും ക്രിസ്ത്യന്‍ പള്ളികളും ഉണ്ടാകില്ലെന്നാണ് പ്രസംഗത്തിനിടെ ഷമാ മുഹമ്മദിന്റെ പരാമര്‍ശം. മതസ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് തിരുവനന്തപുരം സ്വദേശിനി കോഴിക്കോട് സിറ്റി മെഡിക്കല്‍ കോളേജില്‍ പരാതി നല്‍കുകയായിരുന്നു.
പരാതി നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഡിജിപിക്ക് കൈമാറുകയും ഡിജിപി കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസിനോട് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. മതസ്പര്‍ദ്ധ വളര്‍ത്തുന്ന പ്രസ്താവന ഉപയോഗിച്ചുവെന്ന ഐപിസി 153 വകുപ്പ് ചേര്‍ത്താണ് നിലവില്‍ കേസെടുത്തിരിക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം കെ രാഘവന് വേണ്ടിയുള്ള പ്രചാരണങ്ങളില്‍ ഷമാ മുഹമ്മദ് സജീവ സാന്നിധ്യമായിട്ട് ഉണ്ടായിരുന്നു.